മോഷണക്കുറ്റത്തിന് പ്രാകൃതശിക്ഷ: പൊതുസ്ഥലത്ത് 4 പേരുടെ കൈ വെട്ടി താലിബാൻ
Mail This Article
കാണ്ഡഹാർ∙ മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാൻ. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്.
കുറ്റവാളികളെ 35–39 തവണയാണ് ചാട്ടയടിച്ചതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് ഹാജി സയീദ് പറഞ്ഞു. ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണമുണ്ട്. അംഗഛേദം വരുത്തുന്നതിനെതിരെ രാജ്യാന്തര തലത്തിൽ താലിബാനെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും പ്രാകൃതമായ നടപടികളുമായി മുന്നോട്ട് പോകുന്നത്.
പൊതു സ്ഥലത്ത് ശിക്ഷ നടപ്പാക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന ശക്തമായി രംഗത്തെത്തി. 2022 നവംബർ 18 മുതൽ സ്ത്രീകളും പുരുഷൻമാരുമുൾപ്പെടെ 100 പേരെ ചാട്ടയടിക്ക് വിധേയമാക്കിയെന്ന് ഐഖ്യരാഷ്ട്ര സംഘടന അറിയിച്ചു. 20 മുതൽ 100 ചാട്ടയടിയാണ് നൽകുന്നത്. മോഷണം, നിയമവിരുദ്ധമായ ബന്ധങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ചാട്ടയടി. സ്ത്രീകളും പെൺകുട്ടികളുമാണ് ഏറെയും ശിക്ഷിക്കപ്പെട്ടത്. 2022 ഡിസംബർ ഏഴിന് ഫറ നഗരത്തിൽ പുരുഷനെ പൊതുസ്ഥലത്ത് വച്ച് വധിച്ചിരുന്നു.
English Summary: Taliban publicly cut off hands of 4 men