ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും പരിശീലകരും ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ കൂടിക്കാഴ്ച നടത്തി. അനുരാഗ് ഠാക്കൂറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു ചർച്ച. ഡബ്ല്യുഎഫ്ഐ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും ചില പരിശീലകരുമാണ് വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിക്കുന്നതെന്നാണ് ആരോപണം.

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തു. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഡബ്ല്യുഎഫ്ഐ പുനഃസംഘടിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സർക്കാർ ഗുസ്തിക്കാർക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അനുരാഗ് സിങ് ഠാക്കൂർ, ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും ആരോപണങ്ങൾക്ക് 72 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ദേശീയ ഗുസ്തി ഫെഡറേഷനോട് (ഡബ്ല്യുഎഫ്‌ഐ) ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരങ്ങളുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി പ്രതികരിച്ചു.

കായിക മന്ത്രാലയവുമായി ഗുസ്തി താരങ്ങൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുമായി അനുരാഗ് ഠാക്കൂർ ചർച്ച നടത്തിയത്. ബിജെപി നേതാവും ഒളിംപ്യനുമായ ബബിത ഫോഗട്ട് മധ്യസ്ഥതയ്ക്ക് വന്നതിനു പിന്നാലെയാണ് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവർ കായിക മന്ത്രാലയവുമായി ചർച്ച നടത്തിയത്.

അതേസമയം, ഗുസ്തി താരങ്ങളുടെ നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുവെന്നും കായികതാരങ്ങളുടെ ക്ഷേമത്തിനാണ് ഏറ്റവും മുൻ‌ഗണനയെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ ട്വീറ്റ് ചെയ്തു. താരങ്ങൾക്ക് നീതി ഉറപ്പാക്കാൻ അന്വേഷണം ഉറപ്പാക്കുമെന്നും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായും അവർ അറിയിച്ചു.

അതിനിടെ, ദേശീയ ഗുസ്തി ഫെഡറേഷന്റെ നിർണായക എക്സിക്യൂട്ടിവ് യോഗം അടുത്ത ഞായറാഴ്ച ചേരും. ആരോപണവിധേയനായ ബ്രിജ്ഭൂഷൺ ശരൺ സിങ് രാജിവച്ചേക്കുമെന്നാണ് സൂചന. ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾ ബ്രിജ്ഭൂഷൺ ശരൺ സിങ് തള്ളിയിരുന്നു. ഒളിംപ്യൻ വിനേഷ് ഫോഗട്ട് ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. കേരളത്തിൽനിന്നു ഉൾപ്പെടെയുള്ള വനിതാ താരങ്ങൾ അതിക്രമത്തിനിരയായിട്ടുണ്ടെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.

English Summary: Wrestlers protest: Sports Minister Anurag Thakur to meet agitating players
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com