ADVERTISEMENT

തിരുവനന്തപുരം∙ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സർക്കാർ പല പരിപാടികളും ആവിഷ്കരിച്ചു നടപ്പാക്കിയിട്ടും സെക്രട്ടേറിയറ്റിൽ മാത്രം ഇനിയും തീർപ്പാക്കാനുള്ളത് 93,014 ഫയലുകൾ. 2022 ഏപ്രില്‍ മുതൽ ഡിസംബർ 15 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ, ആകെയുണ്ടായിരുന്ന 1,75,415 ഫയലുകളിൽ 82,401 എണ്ണമാണ് തീർപ്പാക്കിയത്. അതായത് 46.97%. സെക്രട്ടേറിയറ്റിനു പുറത്ത് 47 വകുപ്പുകളിൽ ഈ കാലയളവിൽ ഉണ്ടായിരുന്നത് 15 ലക്ഷം ഫയലാണ്. അതിൽ തീർപ്പാക്കിയത് 6,90,000 എണ്ണം (55%). തദ്ദേശ വകുപ്പാണ് ഫയൽ തീർപ്പാക്കാനുള്ളതിൽ‌ മുന്നിൽ – 2,36,000 ഫയൽ.

സെക്രട്ടേറിയറ്റിലും ഫയൽ കെട്ടിക്കിടക്കുന്നതിൽ മുന്നില്‍ തദ്ദേശ വകുപ്പാണ്–15,090 ഫയല്‍. രണ്ടാം സ്ഥാനത്ത് റവന്യൂ –10,012 ഫയൽ. മൂന്നാം സ്ഥാനത്ത് ആരോഗ്യം – 8,494 ഫയൽ. പിന്നാലെ ആഭ്യന്തരം (6,866 ഫയൽ), പൊതുവിദ്യാഭ്യാസം (5,400 ഫയൽ), ജലവിഭവം (5,036 ഫയൽ) എന്നീ വകുപ്പുകളുമുണ്ട്. മൂന്നു വർഷം വരെ പഴക്കമുള്ള ഫയലുകൾ തീർപ്പാക്കാനുള്ളവയുടെ കൂട്ടത്തിലുണ്ട്.

റവന്യൂ പോലെ പ്രധാന വകുപ്പുകളിൽ ഈ കാലയളവിൽ ശരാശരി അയ്യായിരത്തിലേറെ ഫയലുകൾ തീർപ്പാക്കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഓരോ വകുപ്പിലും തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. നിശ്ചിത സമയത്തിനുള്ളിൽ ഫയലുകൾ തീർപ്പാക്കാത്തവർക്കെതിരെ നടപടിയും ആലോചിക്കുന്നുണ്ട്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019ലാണ് ‘ഓരോ ഫയലിലും ഓരോ ജീവിതമാണെന്നും അതു സർക്കാർ ജീവനക്കാർ ഓർക്കണമെന്നും’ പറഞ്ഞ് മൂന്നു മാസം നീളുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം പ്രഖ്യാപിച്ചത്. അന്ന് കെട്ടിക്കിടന്ന 1.98 ലക്ഷം ഫയലുകളിൽ 68,000 എണ്ണം തീർപ്പാക്കി.

പിന്നീട് കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ, തീർപ്പാക്കാത്ത ഫയലുകളുടെ എണ്ണം വൻ‌തോതിൽ വർധിച്ചു. 2022 ജൂൺ 15 മുതൽ മൂന്നു മാസത്തേക്ക് വീണ്ടും ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തി. സെപ്റ്റംബർ 30 നകം പൂർത്തിയാക്കാനായിരുന്നു നിർദേശം. വകുപ്പു മന്ത്രിമാർക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കുമായിരുന്നു ചുമതല. ചീഫ് സെക്രട്ടറിക്കായിരുന്നു മേൽനോട്ടം. എന്നാൽ, ഈ നടപടികളും വലിയ ഫലം ചെയ്തില്ല.

English Summary: Pending files in Kerala secretariat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com