ഉപമുഖ്യമന്ത്രി കസേരയ്ക്ക് പിടിവലി; ബിജെപിയിൽ ചേരുമോ ഖുശ്വാഹ?
Mail This Article
പട്ന ∙ ജനതാദൾ (യു) നേതാവ് ഉപേന്ദ്ര ഖുശ്വാഹ പാർട്ടി വിടുമെന്ന് അഭ്യൂഹം. ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഖുശ്വാഹയെ ബിഹാറിലെ ബിജെപി നേതാക്കളായ പ്രേം രഞ്ജൻ പട്ടേലും സഞ്ജയ് സിങും സന്ദർശിച്ചതിനെ തുടർന്നാണിത്. ഖുശ്വാഹയ്ക്ക് എന്താണ് ആവശ്യമെന്ന് അറിയില്ലെന്നും തന്നോടു സംസാരിക്കാൻ അദ്ദേഹത്തോടു പറയണമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു. കുറച്ചു നാളായി ഖുശ്വാഹ മാറി നിൽക്കുകയാണെന്നും നിതീഷ് സമ്മതിച്ചു.
ബിഹാർ ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ഖുശ്വാഹയുടെ ആവശ്യം നിതീഷ് കുമാർ നിരാകരിച്ചിരുന്നു. തുടർന്ന് നിതീഷ് കുമാറിൽ നിന്നകന്നു നിൽക്കുകയാണ് അദ്ദേഹം. ജെഡിയുവിൽ പിളർപ്പുണ്ടാക്കുകയെന്ന ബിജെപി പദ്ധതിയിൽ ഖുശ്വാഹ പങ്കാളിയാകുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ട്. ആർജെഡി നേതാവ് തേജസ്വി യാദവാകും മുഖ്യമന്ത്രി സ്ഥാനത്തു തന്റെ പിൻഗാമിയെന്ന നിതീഷിന്റെ പ്രഖ്യാപനത്തിനു ശേഷമാണ് ഖുശ്വാഹ ഇടഞ്ഞത്.
Read Also: പാകം ചെയ്ത സമയവും മറ്റും രേഖപ്പെടുത്തിയ സ്റ്റിക്കർ ഇല്ലാത്ത പാഴ്സൽ നിരോധിച്ചു
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ഉപേന്ദ്ര ഖുശ്വാഹയുടെ ആർഎൽഎസ്പി കക്ഷി ജെഡിയുവിൽ ലയിച്ചത്. ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ സ്ഥാനവും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വവും നൽകിയിരുന്നു. ഖുശ്വാഹയെ ബിഹാർ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നിതീഷ് തയാറാണെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ തയാറല്ല.
English Summary: JDU's Upendra Kushwaha's meeting with BJP leaders triggers exit buzz