ജമ്മുവിൽ ഇരട്ട സ്ഫോടനം: 6 പേർക്ക് പരുക്ക്; ഭീകരാക്രമണമെന്ന് പൊലീസ്
Mail This Article
കശ്മീർ∙ ജമ്മു കശ്മീരിലെ നർവാൾ മേഖലയിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ ആറു പേർക്ക് പരുക്കേറ്റു. പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായും എഡിജിപി മുകേഷ് സിങ് പറഞ്ഞു. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണു വിവരം. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. റിപ്പബ്ലിക് ദിനത്തിനു മുൻപ് ആക്രമണസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
അതേസമയം, സംഭവ സ്ഥലത്ത് എൻഐഎ എത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ സ്വഭാവം ഇതുവരെ വ്യക്തമായിട്ടില്ല. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തുണ്ട്. സ്ഫോടനങ്ങളെ അപലപിച്ച ലഫ്. ഗവർണർ മനോജ് സിൻഹ പരുക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിച്ചിരിക്കുന്ന അവസരത്തില്‍ ഉണ്ടായ ഭീകരാക്രമണം ആശങ്കയുണ്ടാക്കുന്നുണ്ട്. ജമ്മുവിലെ വ്യവസായ മേഖലയായ നർവാൾ മേഖലയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ജോഡോ യാത്രയെത്തുടർന്ന് മേഖലയിൽ എങ്ങും ശക്തമായ സുരക്ഷ ഒരുക്കിയ പശ്ചാത്തലത്തിലാണ് ആക്രമണം. നിലവിൽ ജമ്മുവിൽനിന്ന് 60 കിലോമീറ്റർ ദൂരെയുള്ള ചധ്വാളിലാണ് യാത്ര ഇപ്പോൾ. ജനുവരി 30ന് ശ്രീനഗറിൽ യാത്ര അവസാനിക്കും.
English Summary: Twin blasts occurred in Narwal area of Jammu Kashmir, 6 people injured