ലഡാക്കിലെ കാര്യങ്ങൾ ശുഭകരമല്ല; പ്രധാനമന്ത്രി ഇടപെടണം: വാങ്ചുക്
Mail This Article
ലെ∙ ലഡാക്കിലെ കാര്യങ്ങൾ ശുഭകരമല്ലെന്ന് 3 ഇഡിയറ്റ്സ് ബോളിവുഡ് സിനിമയ്ക്ക് പ്രചോദനമായ സാമൂഹിക പ്രവത്തകൻ സോനം വാങ്ചുക്. ലഡാക്കിൽ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
‘‘വ്യവസായത്തിനും ടൂറിസത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ലഡാക്ക് തന്നെ ഇല്ലാതാകും. ലഡാക്കിലെ മഞ്ഞ് മൂന്നിൽ രണ്ട് ഭാഗവും ഇല്ലാതാകുമെന്ന് കശ്മീർ യൂണിവേഴ്സിറ്റിയുടെ പഠനം പുറത്തുവന്നു. മനുഷ്യരുടെ ഇടപെടൽകൊണ്ട് മഞ്ഞ് വളരെ വേഗത്തിൽ ഉരുകുകയാണ്. ഈ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമവും രൂക്ഷമാകുന്നു. ആഗോളതാപനത്തിന് അമേരിക്കയും യൂറോപ്പും മാത്രമല്ല കാരണക്കാർ; ചെറിയതോതിൽ നടത്തുന്ന മലിനീകരണവും ദോഷകരമാണ്. ലഡാക്കിൽ മനുഷ്യരുടെ ഇടപെടലുകൾ പരമാവധി കുറയ്ക്കണം.
ലഡാക്കുൾപ്പെടെയുള്ള ഹിമാലയൻ മേഖലകളെ വ്യവസായവത്കരിക്കുന്നതിൽ നിന്നുവിട്ടുനിൽക്കണം. ജനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബോധവാൻമാരാകുകയും മലിനീകരണം കുറയ്ക്കാൻ തയാറാകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 26 റിപ്പബ്ലിക് ദിനം മുതൽ 5 ദിസവം നിരാഹാരം അനുഷ്ടിക്കും. 18,000 അടി ഉയരത്തിൽ മൈനസ് 40 ഡിഗ്രി സെലഷ്യസിൽ ഖർദോങ്‌ലയിലാണ് നിരാഹാരം നടത്തുന്നതെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ അറിയിച്ചു.
ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടർനേറ്റീവ്സ് ലഡാക്കിന്റെ ഡയറക്ടറും മെക്കാനിക്കൽ എൻജിനീയറുമാണ് വാങ്ചുക്. 2018ലെ മാഗ്സസെ അവാർഡ് ജേതാവുമാണ്.
English Summary: All is not well in Ladakh: Sonam Wangchuk