ഉദ്ധവിനൊപ്പം അംബേദ്കറുടെ കൊച്ചുമകന്‍; മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ മുന്നണി
Mail This Article
മുംബൈ ∙ മഹാരാഷ്‌ട്രയില്‍ പുതിയ മുന്നണി നീക്കവുമായി ഉദ്ധവ് താക്കറെ. ബി.ആര്‍.അംബേദ്‌കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്‌കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായി (വിബിഎ) പുതിയ സഖ്യം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന മുംബൈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായാണു പുതിയ സഖ്യം. പ്രകാശ് അംബേദ്‌കറുമായി ഉദ്ധവ് താക്കറെ നടത്തിയ രണ്ട് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യം യാഥാർഥ്യമായത്.
ഞങ്ങൾ ഒരു പുതിയ പാതയും പുതിയ ബന്ധവും ഇവിടെ തുടങ്ങിയിരിക്കുകയാണ് എന്നാണ് സഖ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരു നേതാക്കളും അറിയിച്ചത്. ‘‘ഇന്ന് ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുകയാണ്. ഈ സഖ്യത്തിനായി മഹാരാഷ്ട്രയിലെ ജനങ്ങൾ കാത്തിരിക്കുകയായിരുന്നു. താക്കറെയുടെയും അംബേദ്കറുടെയും പേരുകൾ ചരിത്രത്തിലുണ്ട്. പ്രകാശ് അംബേദ്കറുടെ മുത്തച്ഛൻ ബാബാസാഹിബ് അംബേദ്കറും എന്റെ മുത്തച്ഛൻ പ്രബോധങ്കർ താക്കറെയും സമൂഹത്തിലെ അനാചാരങ്ങളും സാമൂഹിക പ്രശ്നങ്ങളും ഇല്ലാതാക്കാൻ പോരാടിയവരാണ്.
ഇന്നും രാജ്യത്തും രാഷ്ട്രീയത്തിലും ചില ദുരാചാരങ്ങളുണ്ട്. ഈ ദുഷ്ട ശക്തികളെ ഇല്ലാതാക്കാൻ ഈ രണ്ടും കുടുംബങ്ങളുടെയും ഭാവി തലമുറയും ജനങ്ങളും ഒത്തുചേർന്നു. രാജ്യത്തിന്റെ സുരക്ഷയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായാണ് ഞങ്ങൾ ഒരുമിച്ചെത്തിയത്’’– ഉദ്ധവ് താക്കറെ പറഞ്ഞു.
Read also: ഏപ്രിലില്‍ കൊല്ലപ്പെട്ടു; എസ്ഡിപിഐ നേതാവ് ഹർത്താൽ നഷ്ടം നികത്തണമെന്ന് നോട്ടിസ്
അടുത്ത ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേന– ബിജെപി മുന്നണിക്കെതിരെ പുതിയ സഖ്യം മത്സരിക്കും. പുതുരാഷ്‌ട്രീയത്തിന്റെ തുടക്കമാണ് മുന്നണിയെന്നും സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ ശിവസേനയ്ക്കൊപ്പം ഒന്നിച്ചു പോരാടുമെന്നും പ്രകാശ് അംബേദ്‌കര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമാകില്ലെന്നാണ് റിപ്പോര്‍ട്ട്. സഖ്യ വിഷയത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എൻസിപി മേധാവി ശരദ് പവാര്‍ പറഞ്ഞു.
English Summary: Uddhav Sena and Prakash Ambedkar’s VBA join hands