പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടുവയ്ക്കാൻ സിപിഎമ്മിന്റെ പായസമേള; സൗജന്യമായി പായസമൊരുക്കി പഴയിടം
Mail This Article
കോട്ടയം∙ കൂട്ടിക്കലിൽ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീട് വച്ച് നൽകുന്നതിനായി പായസമേള നടത്തി സിപിഎം. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പായസമേളയിൽ പഴയിടം മോഹനൻ നമ്പൂതിരി സൗജന്യമായി പായസം ഒരുക്കി. വീട് നഷ്ടപ്പെട്ടവർക്കായി കൂട്ടിക്കൽ തേൻ പുഴയിലാണ് വീട് നിർമ്മാണം പുരോഗമിക്കുന്നത്.
കൂട്ടിക്കൽ തേൻപുഴയിൽ രണ്ടേക്കറിൽ അധികം സ്ഥലം വാങ്ങി 15 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് സിപിഎം പായസമേള സംഘടിപ്പിച്ചത്. മുൻ നിശ്ചയിച്ച പ്രകാരം 10 വീടുകൾ കൂടി നിർമ്മിക്കേണ്ടതിനാലും സ്ഥലം വാങ്ങിയതിന്റെ ബാധ്യത പരിഹരിക്കുന്നതിനുമായാണ് പായസമേള. പാചക വിദഗ്ധൻ പഴയിടം നമ്പൂതിരിയുടെ നേതൃത്യത്തിൽ സൗജന്യമായാണ് പായസമുണ്ടാക്കി നൽകുന്നത്.12 ലോക്കൽ കമ്മിറ്റികളിലെ 25,000 പേർക്കാണ് പായസം എത്തിച്ചു നൽകുവാൻ തീരുമാനമെടുത്തത്. എന്നാൽ ആവശ്യക്കാരേറിയതോടെ ഇത് 30,000 ലീറ്റർ ആക്കി ഉയർത്തി.
നാലു ദിവസങ്ങളിലായാണ് മേള നടത്തപ്പെട്ടത്. 200 രൂപ നിരക്കിലാണ് വിൽപ്പന. പഴയിടം തയാറാക്കുന്ന പായസം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകും. സിപിഎം ജില്ലാ കമ്മിറ്റിയാണ് വീട് വച്ച് നൽകുന്നത്. ആധാരവും മറ്റ് രേഖകളും ഇല്ലാതെ പുറമ്പോക്കുകളിൽ താമസിച്ചിരുന്ന വർക്കും സർക്കാരിൽനിന്നും വ്യക്തമായ രേഖകൾ ഇല്ലാത്തതിനാൽ സഹായം ലഭിക്കുവാൻ സാങ്കേതിക തടസമുള്ള കുടുംബങ്ങളെയും കണ്ടത്തിയാണ് പ്രധാനമായും സിപിഎം വീട് വച്ച് നൽകുന്നത്.
English Summary: CPM's Payasamela - pazhayidam mohanan namboothiri make payasam for free at the Payasamela