ADVERTISEMENT

കൊച്ചി ∙ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ കവരത്തി സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ, ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. മുഹമ്മദ് ഫൈസലിന് അനുകൂലമായ വിധിയുണ്ടായെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഖ്യാപനം അസാധുവാകുന്ന സാഹചര്യമില്ല. എന്നാൽ  ഉപതിരഞ്ഞെടുപ്പു നടത്തുന്നതു തടയണം എന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജിയിലെ ഉത്തരവിന് അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് എന്നാണു വിലയിരുത്തൽ. 

നേരത്തെ കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയുടെ തീരുമാനം നോക്കട്ടെ എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സാഹചര്യത്തിൽ സുപ്രീം കോടതി ഇതു പരിഗണിക്കാനാണ് സാധ്യത. ഉപതിരഞ്ഞെടുപ്പു തടയണം എന്ന ഹർജി 27നാണ് സുപ്രീം കോടതി പരിഗണിക്കുക. ഈ ഹർജിയിൽ വിധി വരുന്നതു വരെ ലക്ഷദ്വീപ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം തുടരും. വധശ്രമക്കേസിലെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പു പ്രകാരം എംപി അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും എന്നായിരുന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക.

അതേസമയം, കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയും ഇക്കാര്യത്തിൽ നിർണായക പരാമർശം നടത്തിയിരുന്നു. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്നും ഇതു സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നുമായിരുന്നു കോടതിയുടെ പരാമർശം. രാഷ്ട്രീയത്തിൽ നേതാക്കൾ സംശുദ്ധി പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുതിരഞ്ഞെടുപ്പു വരാൻ ഒന്നര വർഷത്തിൽ താഴെ മാത്രം സമയമുള്ളപ്പോൾ ഉപതിരഞ്ഞെടുപ്പു നടത്തുന്നത് രാഷ്ട്രീയ താൽപര്യമാണെന്ന വിമർശനം പല കോണുകളിൽനിന്നും ഉയർന്നിരുന്നു.

English Summary: Uncertainty Over Lakshadweep By Election After High Court Judgement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com