ADVERTISEMENT

ഹൈദരാബാദ്∙ ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ. കോവിഡ് സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാട്ടിയാണ് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ തുടർച്ചയായി മൂന്നാം വർഷവും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ തയാറാകാത്തത്.

അതേസമയം, രാജ്ഭവനില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ദേശീയ പതാക ഉയർത്തി. ചീഫ് സെക്രട്ടറി എ.ശാന്തികുമാരി, ഡിജിപി അഞ്ജനി കുമാർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. ചടങ്ങിൽ ‘നാട്ടു നാട്ടു’ ഗാനത്തിന്റെ സംഗീതസംവിധായകൻ എം.എം.കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ആദരിച്ചു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും (കെസിആർ) മറ്റു മന്ത്രിമാരും ആഘോഷത്തിൽനിന്നു വിട്ടുനിന്നു. അതേസമയം, കെസിആർ സെക്കന്തരാബാദിലെ സൈനിക സ്മാരകത്തിലെത്തി റീത്ത് സമർപ്പിച്ചു. 

അഭിഭാഷകനായ കെ.ശ്രീനിവാസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ, ജസ്റ്റിസ് പി.മാധവി ദേവി അധ്യക്ഷയായ തെലങ്കാന ഹൈക്കോടതി സിംഗിൾ ബെഞ്ച് കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടത്തണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരുന്നു. ആഘോഷങ്ങളിൽ പങ്കെടുക്കാൻ ജനങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി, ആഘോഷങ്ങൾ നടത്താനുള്ള സ്ഥലം സർക്കാരിനു നിശ്ചയിക്കാമെന്നും വ്യക്തമാക്കി. 

എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ടു വർഷമായി സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ സർക്കാർ റിപ്പബ്ലിക് ദിനാഘോഷം നടത്തുന്നില്ലെന്നും ഈ വർഷവും കോവിഡ് കാരണം പരേഡ് നടത്തുന്നില്ലെന്നും ആഘോഷങ്ങൾ രാജ്ഭവനിൽ നടത്തുമെന്നും സർക്കാർ ഗവർണറെ അറിയിച്ചതായി സംസ്ഥാന സർക്കാരിനു വേണ്ടി വാദിച്ച അഡ്വക്കറ്റ് ജനറൽ ബി.എസ്.പ്രസാദ് പറഞ്ഞു.

മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും ഗവർണറുമായുള്ള തർക്കത്തിന്റെ തുടർച്ചയായാണു റിപ്പബ്ലിക് ദിനാഘോഷം ഒഴിവാക്കിയതെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസങ്ങൾ തുടരുന്ന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, മുഖ്യമന്ത്രിയെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പരോക്ഷമായി വിമർശിച്ചു. 

English Summary: Republic Day held at Raj Bhavan in Telangana on court orders; KCR, ministers skip event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com