തൊഴിലാളികൾ വിവിഐപി സീറ്റിൽ, റഷ്യൻ ടാങ്കുകൾ ഒഴിവാക്കി; വേറിട്ട റിപ്പബ്ലിക് പരേഡ്– ചിത്രങ്ങൾ
Mail This Article
ന്യൂഡൽഹി ∙ ഏറെ പ്രത്യേകതകൾ നിറഞ്ഞ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കാണ് ഇത്തവണ രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. പരേഡ് കടന്നു പോകുന്ന പ്രധാനപാതയുടെ പേരു മാറ്റം മുതൽ തുടങ്ങുന്നു ഈ പ്രത്യേകതകൾ.
പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് ‘കർത്തവ്യപഥ്’ എന്നു നാമകരണം ചെയ്ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്. ബ്രിട്ടിഷ് ഭരണത്തിന്റെ അവശേഷിപ്പുകൾ സൂചിപ്പിക്കുന്ന, രാജപാത എന്ന് അർഥംവരുന്ന ‘രാജ്പഥ്’ എന്നായിരുന്നു ഏറെ കാലമായി ഈ പാത അറിയപ്പെട്ടിരുന്നത്. ദേശീയവൽക്കരണത്തിന്റെ ഭാഗമായി ‘രാജ്പഥ്’ എന്നത് ഏതാനും മാസങ്ങൾക്കു മുൻപാണ് ‘കർത്തവ്യപഥ്’ എന്ന് നാമകരണം ചെയ്തത്.
രാഷ്ട്രപതി പദത്തിൽ എത്തിയശേഷം റിപ്പബ്ലിദ് ദിന ചടങ്ങിൽ ദ്രൗപദി മുർമുവിന്റെ ആദ്യ ദേശീയപതാക ഉയർത്തലായിരുന്നു ഇത്. സർവസൈന്യാധിപയായ ദ്രൗപദി മുർമുവിനു നൽകിയ 21 ഗൺ സല്യൂട്ടിനുമുണ്ടായിരുന്നു പ്രത്യേകത. ബ്രിട്ടിഷ് നിർമിത 25 പോണ്ടർ തോക്കുകൾക്കു പകരം 105 എംഎം ഇന്ത്യൻ തോക്കുകളാണ് ഇത്തവണ ഉപയോഗിച്ചത്.
സെന്‍ട്രല്‍ വിസ്ത, കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം എന്നിവയുടെ നിര്‍മാണത്തൊഴിലാളികള്‍, പാല്‍, പച്ചക്കറി, പലവ്യഞ്ജന വില്‍പനക്കാര്‍ തുടങ്ങിയ സാധാരണക്കാരിൽ സാധാരണക്കാരായവർക്ക് ഇത്തവണ പരേഡ് നേരിട്ടു വീക്ഷിക്കാന്‍ അവസരം ലഭിച്ചു, അതും വിവിഐപി സീറ്റിൽ.
പ്രതിരോധരംഗത്തെ സ്വയംപര്യാപ്തത വിളിച്ചോതുന്ന ഇന്ത്യൻ നിർമിത ആയുധങ്ങളാണ് പരേഡിൽ അണിനിരത്തിയത്. ഇതിന്റെ ഭാഗമായി ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ റഷ്യൻ നിർമിത ടാങ്കുകൾ ഒഴിവാക്കി. ആകാശ് മിസൈൽ സംവിധാനം, ബ്രഹ്മോസ്, വജ്ര, ആകാശ് തുടങ്ങിയ ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു.
ഈജിപ്ത് സായുധ സേനയും ബാൻഡ് സംഘവും സംയുക്തമായി ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി. ഈജിപ്ത് സായുധ സേനയെ പ്രതിനിധീകരിച്ച് 155 സൈനികരാണ് പരേഡിൽ പങ്കെടുത്തത്.
പരേഡിന്റെ ഭാഗമായ 61–ാം കുതിരപ്പട ലോകത്ത് നിലവിൽ പ്രവർത്തനക്ഷമമായ ഏക കുതിരപ്പടയാണ്. പരേഡിൽ അണിനിരന്ന 144 അംഗ നാവികസേന സംഘത്തിൽ ചരിത്രത്തിൽ ആദ്യമായി മൂന്നു വനിതകളും ആറ് അഗ്നിവീർ അംഗങ്ങളും ഭാഗമായി. ലഫ്റ്റനന്റ് കമാൻഡർ ദിഷ അമൃത് (29) റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനാ സംഘത്തെ നയിക്കുന്ന ആദ്യ വനിതയായി.
സ്ത്രീകളെ മാത്രം ഉൾപ്പെടുത്തിയുള്ള സേനയുടെ പ്രത്യേക മാർച്ച് പാസ്റ്റ് വിഭാഗം ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ മാറ്റ് വർധിപ്പിച്ചു. അതിർത്തി സുരക്ഷാ സേനയുടെ ഒട്ടക റെജിമെന്റിൽ ഇത്തവണ ആദ്യമായി വനിതകളും ഭാഗമായി. ലോകത്ത് നിലവിൽ ഇന്ത്യയ്ക്കു മാത്രമാണ് സേനയുടെ ഭാഗമായി ഒട്ടക റെജിമെന്റുള്ളത്.
വന്ദേഭാരതം നൃത്ത മത്സരത്തിലൂടെ തിരഞ്ഞെടുത്ത 479 കലാകാരന്മാർ അവതരിപ്പിച്ച നൃത്തവിരുന്ന് പരേഡിന്റെ മറ്റൊരു പ്രത്യേകതയായി. 17നും 30നും ഇടയിൽ പ്രായമുള്ള 326 സ്ത്രീകളും 153 പുരുഷന്മാരുമാണ് ഇതിൽ പങ്കെടുത്തത്. ഇതു രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന നർത്തകരെ ദേശീയതലത്തിൽ മത്സരത്തിലൂടെ തിരഞ്ഞെടുത്തത്.
Content Highlights: Republic Day 2023, Droupadi Murmu, Vande Bharatam, Camel Contingent of the Border Security Force (BSF)