ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്‌ഐ വെടിവച്ചു; വെടിയേറ്റത് നെഞ്ചില്‍: അതീവഗുരുതരം
Mail This Article
ഭുവനേശ്വർ∙ ഒഡീഷ ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് (61) വെടിയേറ്റു. ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയായിരുന്നു ആക്രമണം. നെഞ്ചിൽ വെടിയേറ്റ നബ കിഷോറിന്റെ നില അതീവ ഗുരുതരമാണ്. ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്‌രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്തേശ്വര് ഭോയ് പറഞ്ഞു. ‘‘ഞങ്ങൾ എഎസ്‌ഐയെ കസ്റ്റഡിയിലെടുത്തു. അയാളെ ചോദ്യം ചെയ്തുവരികയാണ്. എന്തിനാണ് വെടിയുതിർത്തെന്ന് വ്യക്തമല്ല’’– അദ്ദേഹം പറഞ്ഞു.
മന്ത്രിക്കുനേരെ രണ്ടുതവണ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. നാലോ അഞ്ചോ റൗണ്ട് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശവാസിയായ യുവാവിനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. മന്ത്രി കാറില്‍നിന്ന് പുറത്തിറങ്ങി നടക്കുന്നതിനിടെ തൊട്ടടുത്തുനിന്നാണ് ഇയാള്‍ വെടിവച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല.
വെടിയേറ്റയുടൻ നബ കിഷോർ കുഴഞ്ഞുവീണു. അദ്ദേഹത്തെ ഝാർസുഗുഡയിലെ ജില്ലാ ആശുപത്രിയിൽ (ഡിഎച്ച്എച്ച്) പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിമാനമാർഗം ഭുവനേശ്വറിലേക്ക് മാറ്റി. വെടിയേറ്റുവീണ നബ ദാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി കാറിൽ കയറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബ്രജ്‌രാജ് നഗറിൽ ഒരു പൊതു പരാതി ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു നബ കിഷോർ. അദ്ദേഹം കാറിൽ എത്തിയയുടൻ സ്വീകരിക്കാനായി ജനക്കൂട്ടം തടിച്ചുകൂടി. ഇതിനിടെ മന്ത്രിയുടെ സമീപത്തുണ്ടായിരുന്ന ഗോപാല്‍ ദാസ് വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
മന്ത്രിക്കെതിരെയുണ്ടായ ആക്രമണത്തെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അപലപിച്ചു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘‘നബ കിഷോറിന് നേരെയുണ്ടായ നിർഭാഗ്യകരമായ ആക്രമണത്തിൽ ഞെട്ടിപ്പോയി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു’’– പട്‌നായിക് പറഞ്ഞു. ക്രൈംബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.
ഝാർസുഗുഡ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ നബ കിഷോർ, 2019 ജനുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസിൽ നിന്ന് ബിജു ജനതാദളില്‍ (ബിജെഡി) ചേർന്നത്. നവീൻ പട്‌നായിക്കിന്റെ മന്ത്രിസഭയിലെ ഏറ്റവും ധനികരായ മന്ത്രിമാരിൽ ഒരാളാണ് നബ കിഷോർ. 2021 ഡിസംബറിലെ കണക്കനുസരിച്ച് ഭാര്യയുടേത് ഉൾപ്പെടെ 34 കോടി രൂപയുടെ ആസ്തിയുണ്ട്.
English Summary: Odisha Health minister Naba Das shot