ADVERTISEMENT

കാലം പോറലേല്‍പ്പിക്കാത്ത മൂല്യങ്ങളുടെ ഓര്‍മപ്പെടുത്തലുമായി ഇന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വയസ്സ്. ജീവിതം പോലെ തന്റെ മരണവും മതേതരത്വമെന്ന വലിയ മൂല്യത്തിന്റെ സന്ദേശമാക്കിയ ഗാന്ധിജി ഇന്ത്യയ്ക്കും ലോകത്തിനും മാര്‍ഗദീപമാണ്. ഒരു ദീപനാളത്തിന്റെ ശൂന്യതയും പേറിയുളള ഈ രാജ്യത്തിന്റെ യാത്രയ്ക്ക് ഏഴുപത്തിയഞ്ചാണ്ട്.

ഋതുക്കള്‍ പലകുറി വന്നുപോയി. അന്ന് നെഞ്ചലച്ചവരും അവരുടെ പിന്‍തലമുറയും കടന്നുപോയി. ഇടനെഞ്ചില്‍ ഒരു നോവുപേറി ഇന്ത്യ ആകെ മാറി. അഹിംസയും അക്രമരാഹിത്യവും ചര്‍ക്കയും സ്വാശ്രയത്വവും പൊടിയേല്‍ക്കാതെ ചില്ലിട്ടുവച്ച ഇന്നലെയുടെ നീക്കിയിരിപ്പായി. ബാക്കിവച്ചുപോയ ഭൗതികശേഷിപ്പുകളില്‍ മാത്രം ഗാന്ധിജിയെ കാണുന്നവരായി നമ്മള്‍. അതുകൊണ്ടാവണം അന്ന് മൂന്ന് വെടിയുണ്ടകള്‍ കൊണ്ട് നവചരിതം നിര്‍മിക്കാന്‍ ഒരുമ്പെട്ടവരുടെ ഉണങ്ങിയ വേരുകളില്‍ നിന്ന് നമ്മുടെ കണ്‍മുന്നില്‍ പുതിയ നാമ്പുകള്‍ മുളയ്ക്കുന്നത് . നവഭാരതത്തിന് മതനിറം നല്‍കാന്‍ വെമ്പല്‍കൊണ്ടവര്‍ക്ക് പ്രതിബന്ധമായിരുന്നു ഗാന്ധി.

മൂല്യങ്ങളില്‍ മതത്തെയും മതത്തില്‍ മൂല്യങ്ങളെയും കണ്ട ഗാന്ധിജിയെ തുടച്ചുനീക്കാന്‍ അവര്‍ നടത്തിയ രണ്ടാം പരിശ്രമമാണ് 1948 ജനുവരി 30 ന് ഈ രാജ്യത്തെ ഇരുളിലാഴ്ത്തിയത്. എന്നിട്ടും അവരുടെ ലക്ഷ്യങ്ങളില്‍ നിന്ന് ഇന്ത്യ അകന്നത് ഗാന്ധിജിയെ തൊട്ടറിഞ്ഞ ഒരു ജനത ഇവിടെ ബാക്കിനിന്നതു കൊണ്ടാവണം. ഇന്ന് ഗാന്ധിജിക്കും നമുക്കുമിടയിലെ ദൂരമേറെയാണ്. മതവേലികള്‍ നമുക്കതിരാകുന്ന കാലത്തിലേക്ക് അതുകൊണ്ടുതന്നെ ഏറെ ദൂരമുണ്ടാവില്ല. പണ്ടെങ്ങോ നമ്മെ മൂടിയ ആ ഇരുട്ട് കനത്തു തുടങ്ങിക്കഴിഞ്ഞു. രാജ്യത്തിനായുള്ള മുറവിളികള്‍ക്ക് മറുപടിയില്ലാതായെങ്കില്‍ തനിയെ നടക്കാം, മഹാത്മാവിലേക്ക്.

 

English Summary: 75 years of Mahatma Gandhi assassination

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com