ആദായനികുതിയിൽ മാറ്റമെങ്ങനെ; പുതിയ സ്കീമിൽ എന്തെല്ലാം; അറിയാം വിശദമായി
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ മധ്യവർഗത്തിന് ഏറെ ഗുണകരമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നികുതിയിളവു ലഭിക്കുന്ന പരിധി 5 ലക്ഷം രൂപയിൽ നിന്ന് ഏഴു ലക്ഷമാക്കി ഉയർത്തി. പഴയതും പുതിയതുമായ നികുതിഘടനയിലുള്ളവർക്ക് ഇത് മുൻപ് 5 ലക്ഷം രൂപയായിരുന്നു. പഴയ നികുതിഘടനയിലേക്ക് മാറാനുള്ള ഓപ്ഷൻ നൽകാത്ത എല്ലാവരും പുതിയ നികുതി ഘടനയിലേക്കു മാറുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചു.
∙ കയ്യടി ഏറെ, ഇളവുകളുണ്ടോ?
ആദായനികുതി പരിധി ഏഴു ലക്ഷം രൂപയായി ഉയര്‍ത്തിയെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം വലിയ കയ്യടിയോടെയാണ് പാര്‍ലമെന്റ് സ്വീകരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ധനമന്ത്രി ‘പുതിയ സ്‌കീം’ എന്നു കൂടി സൂചിപ്പിച്ചതോടെ ആശയക്കുഴപ്പമായി. നികുതി നവീകരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതിയ നികുതി സംവിധാനം അവതരിപ്പിച്ചിട്ടും ഭൂരിഭാഗം ആളുകളും ഇതിലേക്കു മാറാന്‍ തയാറായിരുന്നില്ല. പഴയ സ്‌കീമില്‍ ലൈഫ് ഇന്‍ഷുറന്‍സ്, കെട്ടിടവാടക, ട്യൂഷന്‍ ഫീസ് എന്നിവയ്ക്ക് ലഭിച്ചിരുന്ന ഇളവ് പുതിയ സ്‌കീമില്‍ ലഭിക്കില്ല എന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
പുതിയ സ്‌കീമിലേക്കു മാറുകയെന്നത് വ്യക്തിക്ക് മുൻപ് ഇച്ഛാനുസരണം ചെയ്യാവുന്ന കാര്യമായിരുന്നു. എന്നാല്‍ ഇനി മുതല്‍ പുതിയ സ്‌കീമായിരിക്കും നടപ്പാക്കുകയെന്നും പഴയ നികുതി നിര്‍ണയ സംവിധാനത്തിൽ തുടരേണ്ടവർ പ്രത്യേക ഓപ്ഷൻ നൽകണമെന്നുമാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചത്. പുതിയ സ്‌കീമിലേക്ക് മാറുമ്പോള്‍ ഏഴു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ ഏഴു ലക്ഷത്തിനു മുകളില്‍ വരുമാനം ഉള്ളവര്‍ മൂന്നു ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടിവരുമെന്നതാണ് പുതിയ ഘടന സൂചിപ്പിക്കുന്നത്. പുതിയ സ്‌കീമില്‍ ലൈഫ് ഇന്‍ഷുറന്‍സ്, കെട്ടിടവാടക, ട്യൂഷന്‍ ഫീ തുടങ്ങിയവയ്‌ക്കൊന്നും ഇളവ് ഉണ്ടായിരിക്കില്ല. ഇടത്തരക്കാര്‍ക്ക് ഏറെ ഗുണകരമായ നികുതി ഇളവാണ് നല്‍കിയിരിക്കുന്നതെന്ന് ധനമന്ത്രി പറയുമ്പോഴും എത്രത്തോളം നേട്ടമാകുമെന്ന് കാത്തിരുന്നു കാണേണ്ടിവരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Read also: അതിസമ്പന്നര്‍ക്കുണ്ട് അപ്രതീക്ഷിത ഇളവ്, പുതിയ സ്ലാബില്‍
അതേസമയം, പുതിയ സ്കീമിലേക്കു മാറുന്ന ഇടത്തരക്കാർ ആദായനികുതി ഇളവിനായുള്ള നിക്ഷേപസാധ്യതകൾക്കുപരിയായി പണം കൂടുതൽ വിനിയോഗിക്കുമെന്നത് പൊതുവിപണിയിൽ കൂടുതൽ പണമെത്താൻ സഹായിക്കുമെന്നും നികുതിരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
∙ പുതിയ ആദായനികുതി ഘടന ഇങ്ങനെ
പുതിയ ആദായനികുതി ഘടനപ്രകാരം മൂന്നു ലക്ഷം രൂപ വരെ ആദായനികുതി നൽകേണ്ടതില്ല.
3 മുതൽ 6 ലക്ഷം രൂപ വരെ – അഞ്ചു ശതമാനം നികുതി.
ആറു ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെ – 10 ശതമാനം നികുതി.
ഒൻപതു മുതൽ 12 ലക്ഷം രൂപ വരെ – 15 ശതമാനം നികുതി.
12 മുതൽ 15 ലക്ഷം വരെ – 20 ശതമാനം നികുതി.
15 ലക്ഷത്തിനു മേൽ ആദായനികുതി 30 ശതമാനമായിരിക്കും
വരുമാന നികുതിക്ക് 2.5 ലക്ഷം രൂപ മുതൽ ഏർപ്പെടുത്തിയിരുന്ന ആറു നികുതി സ്ലാബുകളാണ് മൂന്നു ലക്ഷം രൂപ മുതൽ എന്ന കണക്കിൽ അഞ്ചു സ്ലാബുകളാക്കി നിജപ്പെടുത്തിയത്. ഒൻപതു ലക്ഷം രൂപ വരുമാനമുള്ള ഒരു വ്യക്തിക്ക് 45,000 രൂപ മാത്രമാകും ആദായനികുതിയായി നൽകേണ്ടി വരികയെന്നും ധനമന്ത്രി വിശദീകരിച്ചു. മുൻപ് ഇത് 60,000 രൂപയായിരുന്നു. 15 ലക്ഷം വരുമാനമുള്ളയാൾക്ക് 1,87,500 രൂപ ആദായനികുതി നൽകേണ്ടിയിരുന്നത് പുതിയ നികുതിഘടന പ്രകാരം 1,50,000 രൂപയാകും.
വിരമിക്കുമ്പോൾ ലീവ് എൻകാഷ്മെന്റിൽ സർക്കാരിതര മേഖലയിൽ മൂന്നു ലക്ഷമായിരുന്ന നികുതിയിളവു പരിധി 25 ലക്ഷമാക്കി ഉയർത്തുന്നതായും ധനമന്ത്രി അറിയിച്ചു. 2002 ലാണ് ഈ നികുതി നിരക്ക് അവസാനമായി നിർണയിച്ചിരുന്നത്.
English Summary: Budget 2023: Income tax slabs changed under new tax regime. Details