നികുതിയിളവ്, ‘ഹരിത വിപ്ലവം’...; കേന്ദ്ര ബജറ്റ് കേൾക്കാൻ ബഹുരസം, പക്ഷേ...
Mail This Article
വളരെ പ്രതീക്ഷയോടെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിനു കാത്തിരുന്നത്. ജനങ്ങളിലും അത്തരമൊരു പ്രതീക്ഷ സൃഷ്ടിക്കുന്നതിൽ ധനമന്ത്രി ഒരു പരിധി വരെ വിജയിച്ചിരുന്നു. ബജറ്റിൽ ആകർഷണീയമായ ഒട്ടേറെ പ്രയോഗങ്ങളുണ്ടെന്നത് യാഥാർഥ്യമാണ്. പക്ഷേ അതിൽ വാചകങ്ങൾക്കാണോ അതോ സംഖ്യകൾക്കാണോ പ്രാധാന്യം നൽകിയത് എന്ന കാര്യത്തിലാണു സംശയം. ബജറ്റ് വിശകലനത്തിലേക്കു കടക്കും മുൻപ് ചില കാര്യങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. അതിൽ ഒന്നാമതായി ഇന്ത്യയുടെ രാഷ്ട്രീയമാണ്. ഒൻപതു സംസ്ഥാനങ്ങളിലേക്ക് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. 2024ലാകട്ടെ ലോക്സഭ തിരഞ്ഞെടുപ്പും വരുന്നു. നിലവിലുള്ള സർക്കാർ ഭരണത്തുടർച്ച ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിനാൽത്തന്നെ രാഷ്ട്രീയപരമായി ജനത്തെ ബജറ്റിലൂടെ സ്വാധീനിക്കാനുള്ള തന്ത്രം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകാം. ഈ ലക്ഷ്യം നേടുന്നതിൽ ധനമന്ത്രി വിജയിച്ചെന്നു പറയാം. ചെലവിനത്തിലാണെങ്കിലും വരുമാന സ്രോതസ്സിലാണെങ്കിലും, പരിശോധിക്കുമ്പോൾ കയ്യടി വാങ്ങത്തക്ക അവതരണമാണു നടന്നത്. അതിനു വേണ്ടി ഇപ്പോൾ പ്രയോഗത്തിലുള്ള ചില ‘ലേബലു’കൾ വ്യാപകമായി ഉപയോഗിച്ചതും കാണാം. ഉദാഹരണത്തിന് ഹരിതം, യുവജനം, ആദിവാസിക്ഷേമം, വനിതാ ക്ഷേമം തുടങ്ങിയവ. എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന ഒരു ബജറ്റാണിതെന്ന തോന്നലുണ്ടാക്കുന്നതിന് ഇതിലൂടെ ധനമന്ത്രിക്കു സാധിച്ചു. പക്ഷേ ജെൻഡർ ബജറ്റെന്നൊന്നും വിശേഷിപ്പിക്കാനാകില്ല. പല പ്രഖ്യാപനങ്ങളും ഒരു രാഷ്ട്രീയ പ്രൊപ്പഗാന്‍ഡ പോലെയാണ് തോന്നുന്നത്. ബജറ്റിലൂടെയല്ല, ബജറ്റ് പ്രസംഗത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിച്ചുവെന്നു തന്നെ പറയാം.