സിൽവർലൈന് ഇക്കുറിയും പച്ചക്കൊടിയില്ല, എയിംസുമില്ല: ബജറ്റിൽ കേരളത്തെ കേട്ടില്ല
Mail This Article
തിരുവനന്തപുരം∙ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രഖ്യാപനങ്ങളില്ല. സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളുമാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാൻ കഴിയുക. തിരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ 5300 കോടി രൂപയുടെ കുടിവെള്ള വിതരണ പദ്ധതി മാത്രമാണ് സംസ്ഥാനത്തിന്റെ പേരെടുത്തു പറഞ്ഞുള്ള ബജറ്റിലെ പ്രധാന പദ്ധതി.
സിൽവർലൈൻ പദ്ധതിക്ക് എത്രയും വേഗം അനുമതി നൽകണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിനു മുന്നോടിയായി കേന്ദ്രത്തിനു നൽകിയ കത്തിൽ അഭ്യർഥിച്ചിരുന്നെങ്കിലും പരിഗണന ലഭിച്ചില്ല. സിൽവർലൈനിൽ അനുകൂല തീരുമാനം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയില്ലായിരുന്നെങ്കിലും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സെന്റർ ഇത്തവണയെങ്കിലും ലഭിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. പുതിയ എയിംസിന്റെ പ്രഖ്യാപനം ബജറ്റിലുണ്ടായില്ല. കോഴിക്കോട് കിനാലൂരിലാണ് എയിംസിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 150 ഏക്കറോളം വേണ്ടിവരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. വർഷങ്ങളായി നിരന്തരം ആവശ്യപ്പെട്ടിട്ടും എയിംസിനായുള്ള കേരളത്തിന്റെ അഭ്യർഥന കേന്ദ്രം പരിഗണിച്ചില്ല.
Read also: ആദായനികുതി ഇളവ്; ഭൂരിപക്ഷം പേർക്കും നിരാശ
പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പകുതി വീതമാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വർഷത്തേക്കു നീട്ടണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജ് കേരളത്തിന്റെ ആവശ്യമായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ബജറ്റിൽ അവയൊന്നും ഇടംപിടിച്ചില്ല.
മൂന്നു ലക്ഷംപേർ ജോലി ചെയ്യുന്ന കശുവണ്ടി മേഖലയിൽ ജീവനക്കാരിൽ അധികവും സ്ത്രീകളാണ്. ഇവര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നായിരുന്നു മറ്റൊരു പ്രധാന ആവശ്യം. ക്ഷേമ പെൻഷനുകളിൽ കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. സംസ്ഥാനങ്ങൾക്ക് കടമെടുക്കാവുന്ന തുക സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ നാല് ശതമാനമാക്കി വർധിപ്പിക്കണമെന്നും കിഫ്ബിയിലൂടെ എടുത്ത വായ്പ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
Read also: ആദായനികുതിയിൽ മാറ്റമെങ്ങനെ; പുതിയ സ്കീമിൽ എന്തെല്ലാം; അറിയാം വിശദമായി
Read also: ആദായനികുതി ഇളവിൽ അവ്യക്തത: ഗുണം പുതിയ സ്കീമിന് മാത്രം; കിഴിവ് ഇല്ലാതാകും
Content Highlights: Union Budget 2023, Kerala Government