പൗരത്വ സമരത്തിനിടെ ജാമിയ സര്‍വകലാശാല സംഘര്‍ഷം; ഡല്‍ഹി പൊലീസിന് രൂക്ഷവിമര്‍ശനം
Mail This Article
ന്യൂഡൽഹി∙ പൗരത്വ സമരത്തിനിടെ 2019ല്‍ ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പൊലീസിന് രൂക്ഷവിമര്‍ശനം. കേസിലെ അന്വേഷണം ഏകപക്ഷീയമായിരുന്നെന്ന് ഡല്‍ഹി സാകേത് കോടതി വിമർശിച്ചു. ആള്‍ക്കൂട്ടത്തില്‍ നിന്ന് ചിലരെ പ്രതികളായും ചിലരെ സാക്ഷികളായും ചേര്‍ക്കുന്ന ‘ചെറി പിക്കിങ്’ നീതിക്ക് നിരക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാം, ജാമിയ വിദ്യാര്‍ഥികളായ ആസിഫ് തന്‍ഹ, സഫൂറ സര്‍ഗാര്‍ തുടങ്ങിയവരെ വെറുതെ വിട്ടുകൊണ്ടാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. പൗരത്വ സമരത്തിന്‍റെ കേന്ദ്രമായിരുന്ന ഡല്‍ഹി ജാമിയ സര്‍വകലാശാലയില്‍ 2019 ഡിസംബര്‍ 15നു നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പ്രതിചേര്‍ത്ത 13 പേരില്‍ 12 പേരെയും വെറുതെ വിട്ടു.
ഡല്‍ഹി പൊലീസിന്‍റെ കുറ്റപത്രം തെറ്റായ ലക്ഷ്യത്തോടെയുള്ളതാണ്. യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിനു പകരം പ്രതിഷേധിക്കാനെത്തിയവരില്‍ ചിലരെ ‘ചെറി പിക്കിങ്’ നടത്തി ബലിയാടാക്കുകയായിരുന്നു. പ്രതിഷേധ സ്ഥലത്ത് ഉണ്ടായതുകൊണ്ട് മാത്രം ആരെയും പ്രതിചേര്‍ക്കാന്‍ കഴിയില്ല. പ്രതികളായ വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും അക്രമം നടത്തിയതിനു തെളിവുകളില്ല. ആയതിനാല്‍ അവരെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിചാരണ നടപടിയിലേക്കു തള്ളിവിടുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് അഭിമാക്യമായിരിക്കില്ലെന്നും വിധിയില്‍ പറയുന്നു.
വിയോജിപ്പ് പ്രകടിപ്പിക്കുന്നതും കലാപവും തമ്മിലുള്ള വ്യത്യാസം അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. പൗരന്‍റെ നോവുന്ന മനസ്സാക്ഷിയുടെ പ്രകടനമാണ് വിയോജിപ്പെന്നും അതിന് ഇടവും വേദിയും അനുവദിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ക്യാംപസിനു പുറത്തു നടന്ന പ്രതിഷേധത്തിനിടെയാണ് 2019ല്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ക്യാംപസിനകത്ത് കടന്ന് പൊലീസ് നടത്തിയ അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റിരുന്നു.
English Summary: Dissent an extension of fundamental rights: Delhi court