ADVERTISEMENT

തിരുവനന്തപുരം ∙ ബജറ്റിലെ നികുതി വർധനയ്ക്കെതിരെ ജനങ്ങൾക്കിടയിൽ രൂക്ഷമായ എതിർപ്പുയരുന്ന സാഹചര്യത്തിൽ നികുതി നിർദേശങ്ങളിൽ ചിലതിൽ മാറ്റമുണ്ടാകാൻ സാധ്യത. ജനങ്ങളുടെ അതൃപ്തി മുഖവിലയ്ക്കെടുക്കുന്ന നേതൃത്വം, നികുതി നിർദേശങ്ങളിൽ ചർച്ചയാകാമെന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. വിഭവസമാഹരണം ആവശ്യമാണെങ്കിലും ഇന്ധനനികുതിയിലടക്കം മാറ്റങ്ങൾ വേണമെന്ന് അഭിപ്രായമുള്ളവർ ഇടതു മുന്നണിയിലുണ്ട്.

ഇന്ധന സെസ് രണ്ടു രൂപയായി ഉയർത്തിയത് ഒരു രൂപയായി കുറയ്ക്കണമെന്നുള്ള അഭിപ്രായവും ഉയരുന്നു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ ഫെബ്രുവരി 20ന് കാസർകോട്ടുനിന്ന് ആരംഭിക്കുകയാണ്. മാർച്ച് 18നാണ് ജാഥ തിരുവനന്തപുരത്ത് അവസാനിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയായശേഷം എം.വി.ഗോവിന്ദൻ നയിക്കുന്ന ആദ്യ സംസ്ഥാന ജാഥയാണിത്. ഇന്ധന സെസ് അടക്കമുള്ള കാര്യങ്ങൾ ജാഥയിൽ ജനങ്ങളോട് വിശദീകരിക്കാന്‍ പ്രയാസമാകുമെന്ന് നേതൃത്വം കരുതുന്നു.

Read also: നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ


ബജറ്റിലെ നിർദേശങ്ങൾക്കെതിരെ ഇന്ന് കരിദിനം ആചരിക്കുന്ന യുഡിഎഫ്, ശക്തമായ പ്രതിഷേധത്തിലേക്കു കടക്കാനുള്ള മുന്നൊരുക്കത്തിലാണ്. ‌ബജറ്റിനുശേഷം ഓൺലൈനായി യോഗം ചേർന്ന നേതാക്കൾ സാഹചര്യങ്ങൾ വിലയിരുത്തി. ബജറ്റിനെതിരെ തീപാറുന്ന സമരം വരുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ മുന്നറിയിപ്പ്. നിയമസഭാ സമ്മേളനം 10നാണ് അവസാനിക്കുന്നത്. അതിനുശേഷം 28ന് വീണ്ടും യോഗം ചേരും. സഭാ സമ്മേളനം രൂക്ഷമായ പ്രതിഷേധങ്ങൾക്കു വേദിയാകും.

Read also: യുഎസിൽ ഒരു ജീവനെടുത്തു, ഒരാളുടെ കാഴ്ചയും: ആളെക്കൊല്ലിയായി കണ്ണിനുള്ള തുള്ളിമരുന്ന്?

മുഖ്യമന്ത്രിയുമായും പാർട്ടി സെക്രട്ടറിയുമായും ചർച്ചകൾ നടത്തിയാണ് നികുതി വർധനവെന്ന തീരുമാനത്തിലേക്ക് ധനമന്ത്രിയെത്തിയത്. ഇപ്പോൾ കടുത്ത തീരുമാനമെടുത്തില്ലെങ്കിൽ മുന്നോട്ടു പോകാനാകില്ലെന്നാണ് ധനമന്ത്രി നൽകിയ സന്ദേശം. സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടാണ് ഇന്ധന സെസിലേക്കു നയിച്ചതെന്നു ധനമന്ത്രി പറയുന്നു. ഇന്ധന സെസിൽനിന്നുള്ള വരുമാനം ക്ഷേമപെൻഷനായി ജനങ്ങളിലേക്കെത്തും. 60 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ക്ഷേമപെൻഷൻ വിതരണം ചെയ്യാന്‍ 900 കോടി രൂപയാണ് മാസം വേണ്ടത്.

ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ നടപ്പുവർഷത്തിൽ മാത്രം 7,000 കോടി രൂപയുടെ കുറവുണ്ടായെന്ന് ധനവകുപ്പ് പറയുന്നു. കിഫ്ബിയുടെ ബാധ്യത, കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ ബാധ്യതയാക്കിയത് കടമെടുപ്പിനെ ബാധിച്ചു. 3,000 കോടിയുടെ കുറവുണ്ടായി. കടമെടുപ്പിൽ 2,700 കോടി വെട്ടിക്കുറച്ച സാഹചര്യത്തിലാണ് പുതിയ നികുതി നിർദേശങ്ങൾ അവതരിപ്പിക്കേണ്ടി വന്നതെന്നും ധനവകുപ്പ് പറയുന്നു. എന്നാൽ, അനാവശ്യ ചെലവുകൾ ഇല്ലാതാക്കിയും സാധാരണക്കാരെ ബാധിക്കാതെ ബദൽ നികുതി നിർദേശങ്ങൾ കൊണ്ടുവന്നും പ്രതിസന്ധി മറികടക്കാനാകുമായിരുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്.

English Summary: Possibility to change tax proposals due to strong public outrage against increasing tax rates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com