ഇനി മനുഷ്യ മനസുകളിലെ നിത്യഹരിത താരകം; വാണി ജയറാമിന് ഔദ്യോഗിക ബഹുമതികളോടെ വിട
Mail This Article
ചെന്നൈ∙ പതിനായിരത്തിലധികം പാട്ടുകളിലൂടെ സംഗീതാസ്വാദകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ ഗായിക വാണി ജയറാം ഇനി മനുഷ്യ മനസുകളിലെ നിത്യഹരിത താരകം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്റ് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരാരും സംസ്കാര ചടങ്ങളുകളില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രിക്കുവേണ്ടി നോര്‍ക്ക ഓഫിസര്‍ റീത്ത് വച്ച് ആദരമർപ്പിച്ചു.
ശനിയാഴ്ച രാത്രി ഏഴിനാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വാണി ജയറാമിന്റെ മൃതദേഹം നുങ്കംപാക്കത്തെ ഫ്ലാറ്റില്‍ അന്ത്യയാത്രയ്ക്കായി എത്തിച്ചത്. ഗവര്‍ണര്‍ ആര്‍.എന്‍. രവി അടക്കം പ്രമുഖര്‍ രാത്രി തന്നെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. രാവിലെ പത്തു മണിയോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ആദരാഞ്ജലി അർപ്പിക്കാനെത്തി. പത്മഭൂഷണ്‍ കൈയിൽ വാങ്ങുന്നതിനു മുന്‍പേയുള്ള നിര്യാണം വേദനാജനകമാണെന്ന് സ്റ്റാലിൻ പ്രതികരിച്ചു. ഗായകലോകത്തെ ചിലർ ഒഴികെ ചലച്ചിത്ര രംഗത്തെ പ്രമുഖർ ആരും പ്രിയഗായികയ്ക്ക് അന്ത്യയാത്ര നൽകാൻ എത്തിയിരുന്നില്ല.
English Summary: Singer Vani Jairam cremated with police honours