‘അശ്ലീല പരാമർശം’: വിവാദക്കുരുക്കിൽ മഹുവ; നാവ് സൂക്ഷിക്കണമെന്ന് ഹേമ മാലിനി
Mail This Article
ന്യൂഡൽഹി∙ ലോക്സഭയിൽ അശ്ലീല പദപ്രയോഗം നടത്തിയതിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ചൊവ്വാഴ്ച, ടിഡിപി എംപി റാം മോഹൻ നായിഡു സംസാരിക്കുന്നതിനിടെയാണ് മഹുവയുടെ വായിൽനിന്നും അശ്ലീല വാക്ക് വീണത്. മഹുവ സംസാരിച്ചശേഷമാണ് റാം മോഹൻ സംസാരിച്ചത്. ഇതിനിടെ, ബിജെപി എംപി രമേശ് ബിധുരിയുമായുണ്ടായ വാക്കുതർക്കത്തിൽ മഹുവ ക്ഷുഭിതയാകുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ മഹുവ തന്നെ ട്വിറ്ററിൽ പങ്കുവച്ചു.
മഹുവ മൊയ്ത്ര മാപ്പ് പറയണമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ബിജെപി എംപി ഹേമമാലിനിയും മഹുവയ്ക്കെതിരെ രംഗത്തെത്തി. നാവ് സൂക്ഷിക്കണമെന്നായിരുന്നു എംപിയോട് ഹേമമാലിനിയുടെ ഉപദേശം. സഭയിലെ എല്ലാ അംഗങ്ങളും ബഹുമാനമർഹിക്കുന്നവരാണെന്നും അതിവൈകാരികത കുഴപ്പത്തിൽ ചാടിക്കുമെന്നും മഹുവ അത്തരത്തിലൊരാൾ ആണെന്നും ഹേമമാലിനി പറഞ്ഞു. മഹുവയുടെ വാക്കുകൾ തൃണമൂലിന്റെ സംസ്കാരശൂന്യതയാണ് കാണിക്കുന്നതെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു.
എന്നാൽ തന്നെ ബിജെപി നേതാവ് നിരന്തരം ആക്ഷേപിച്ചതിന് മറുപടി മാത്രമാണ് താൻ നൽകിയതെന്നും മഹുവ തിരിച്ചടിച്ചു. ബിജെ.പിനേതാക്കൾ ഇത്തരം വാക്കുകൾ സ്ഥിരമായി സഭയിൽ ഉപയോഗിക്കാറുണ്ടെന്നും അന്നൊന്നും ആർക്കുമില്ലാത്ത കുഴപ്പമാണ് ഓഫ് റെക്കോർഡായി താൻ സംസാരിച്ചപ്പോൾ ഉണ്ടായതെന്നും മഹുവ പറയുന്നു. അയ്യോ സ്ത്രീകൾ ഇങ്ങനെയൊക്കെ പറയാമോ എന്ന ബി.ജെ.പിക്കാരുടെ പറച്ചിൽ തന്നെ ചിരിപ്പിക്കുന്നുവെന്നും വാക്കുകൊണ്ട് ആക്രമിക്കുന്നവരെ തിരിച്ച് ആക്രമിക്കാൻ താൻ ഇനി പുരുഷനാവേണ്ടതുണ്ടോ എന്നും മഹുവ ചോദിക്കുന്നു.
English Summary: "Called An Apple, An Apple": Mahua Moitra On Profanity In Parliament