അംശവേണി പശുവിന് ബേബി ഷവറും വളകാപ്പും; വൈറലായി ആഘോഷം
Mail This Article
ചെന്നൈ ∙ കേന്ദ്രസർക്കാർ ‘കൗ ഹഗ് ഡേ’ പ്രഖ്യാപിച്ചതു മുതൽ പശുവാണ് സമൂഹമാധ്യമങ്ങളിലെ താരം. ഇതിനൊപ്പം തമിഴ്നാട്ടിൽ പശുവിന് ഗ്രാമവാസികൾ ‘ബേബി ഷവർ’ നടത്തിയതും വാർത്തയായി. അഞ്ഞൂറിലേറെ ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. തമിഴ്നാട്ടിലെ കല്ല്ക്കുറിശ്ശി ജില്ലയിലെ ശങ്കരപുരത്താണ് സംഭവം.
പശുക്കൾക്ക് ബേബി ഷവർ നടത്തുന്ന ചടങ്ങ് ദൈവഭാരായി എന്നാണ് അറിയപ്പെടുന്നത്. അംശവേണി എന്ന പശുവിനാണ് വളകാപ്പ് നടത്തിയത്. ശങ്കരപുരത്തിനടുത്തുള്ള മേലപ്പാട്ട് ഗ്രാമത്തിലെ അരുൾതാരം തിരുപൂരസുന്ദരിയമ്മെ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് അംശവേണി. പരമ്പരാഗത വസ്ത്രം ധരിച്ച് ചടങ്ങിനെത്തിയ സ്ത്രീകൾ പശുവിന് 24തരം വിഭവങ്ങൾ കഴിക്കാൻ നൽകി. ഒപ്പം 48 ഇനം വ്യത്യസ്ത സമ്മാനങ്ങളും കൊടുത്തു.
ക്ഷേത്ര ഭാരവാഹികളുടെ മേൽനോട്ടത്തിൽ പശുവിനായി പ്രത്യേക പൂജകളും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു. പശുവിന്റെ കൊമ്പിൽ പല വർണത്തിലുള്ള വളകൾ ചാർത്തിക്കൊണ്ടുള്ള വളക്കാപ്പ് ചടങ്ങും ആഘോഷമായി നടത്തി.
English Summary: baby shower was held for a pregnant cow in Tamil Nadu