ADVERTISEMENT

കാബൂൾ∙ ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയിലേക്ക് ആണെങ്കിലും വേണ്ടില്ല എങ്ങനെയെങ്കിലും താലിബാന്‍ ക്രൂരതയില്‍നിന്നും പട്ടിണിയില്‍നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്ന മാനസികനിലയിലാണ് അഫ്ഗാന്‍ ജനത എന്ന് വെളിപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സര്‍വതും പിന്നിലുപേക്ഷിച്ച് കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്തിയത്.

തുർക്കിയിലും സിറിയയിലും വ്യാപകനാശം വരുത്തിയ ഭൂകമ്പത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ തുർക്കിയിലേക്ക് വിമാനങ്ങൾ പുറപ്പെടുന്നുവെന്ന കിംവദന്തി പ്രചരിച്ചതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് അഫ്ഗാനികൾ കാബൂൾ വിമാനത്താവളത്തിലേക്ക് ഓടികൂടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കൊടും തണുപ്പിലും ഇരുട്ടിലും കാൽനടയായി വിമാനത്താവളത്തിലേക്ക് ആളുകൾ ഓടിയെത്തുകയായിരുന്നു. 

ബാഗേജുകളൊന്നുമില്ലാതെയാണ് ജനം കൂട്ടത്തോടെ ഓടിയെത്തിയത്. വിമാനത്താവള സുരക്ഷാ സേന ഇവരെ തടയുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഉന്തും തള്ളിലും നിരവധി പേർക്ക് പരുക്കേറ്റെന്നാണ് വിവരം. താലിബാൻ സർക്കാർ തുർക്കിയെയും സിറിയയെയും സഹായിക്കാൻ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കിംവദന്തി പ്രചരിച്ചതെന്നാണ് റിപ്പോർട്ട്.‌

അതേസമയം, ജനങ്ങളുടെ പരക്കംപാച്ചിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ നേർസാക്ഷ്യമായി. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യം വിടാനുള്ള ശ്രമത്തിലാണ് ജനം. ദശലക്ഷക്കണക്കിന് ആളുകൾ തൊഴിലില്ലായ്മ നേരിടുന്നു. 40 ദശലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ പകുതിയോളം പേരും പട്ടിണിയിലാണെന്നാണ് കണക്ക്. 2021 ഓഗസ്റ്റിൽ, താലിബാൻ അധികാരം പിടിച്ചെടുത്തപ്പോൾ രാജ്യം വിടാനായി ആളുകൾ വിമാനത്താവളങ്ങളിൽ തിക്കിത്തിരക്കിയിരുന്നു. 

Read Also: 2022ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ  2.25 ലക്ഷം; 12 വർഷത്തിനിടെ 16.6 ലക്ഷം

എന്നാൽ, തുർക്കിയിലേക്ക് ഇത്തരം വിമാനങ്ങളൊന്നുമില്ലെന്ന് താലിബാൻ സേന അറിയിച്ചു. തുർക്കിയിലേക്ക് ഇത്തരം വിമാനങ്ങളൊന്നും നിലവിലില്ലെന്നും അടിസ്ഥാനരഹിതമായ കിംവദന്തി പറഞ്ഞ് പൊതു ക്രമം തകർക്കരുതെന്നും കാബൂൾ പൊലീസ് മേധാവിയുടെ വക്താവ് ഖാലിദ് സദ്രാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം കിംവദന്തികൾ തെറ്റാണെന്നും ഇത്തരമൊരു ഉദ്ദേശ്യത്തോടെ ആരും വിമാനത്താവളത്തിൽ പോകരുതെന്നും വിമാനത്താവളത്തിലെ നിയമങ്ങൾ ലംഘിക്കരുതെന്നും സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു.

English Summary: Afghans rush for airport on rumors of aid flights to Turkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com