ADVERTISEMENT

മുംബൈ ∙ മൂന്നു വർഷങ്ങൾക്കു മുൻപ് മഹാരാഷ്ട്രയിൽ അജിത് പവാറുമായി ചേർന്ന് സർക്കാർ രൂപീകരിച്ച അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് ബിജെപി നേതാവും നിലവിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്ന‌ാവിസ്. എന്നാൽ, ഫഡ്‌നാവിസിന്റെ വാദം തള്ളി തൊട്ടുപിന്നാലെ ശരദ് പവറും രംഗത്ത്. ഫഡ്നാവിസ് സംസ്കാരമുള്ള, മാന്യനായ വ്യക്തിയാണെന്നാണ് ഇതുവരെ കരുതിയിരുന്നതെന്ന് ശരദ് പവാർ തിരിച്ചടിച്ചു. ഫഡ്നാവിസ് ഇത്തരത്തിൽ കള്ളം പറയുമെന്ന് ഒരിക്കലും കരുതിയില്ലെന്നും പവാർ വ്യക്തമാക്കി.

‘‘സ്ഥിരതയുള്ള സർക്കാരാണ് വേണ്ടതെന്നു ചൂണ്ടിക്കാട്ടി എൻസിപിയും ബിജെപിയും ചേർന്ന് സർക്കാർ രൂപീകരിക്കണമെന്ന് അന്ന് ആവശ്യമുയർന്നു. ആ നീക്കവുമായി മുന്നോട്ടു പോകാനും ചർച്ച നടത്താനും തീരുമാനമായി. ശരദ് പവാറുമായും ഇതുമായി ബന്ധപ്പെട്ട് ചർച്ച നടന്നു. പിന്നീട് സാഹചര്യം മാറി. തുടർന്ന് സംഭവിച്ചത് എല്ലാവർക്കും അറിയാം’ – ഇതായിരുന്നു ഫഡ്‌നാവിസിന്റെ പരാമർശം.

‘‘ഏറ്റവും സത്യസന്ധമായിത്തന്നെയാണ് അന്ന് അജിത് പവാർ എനിക്കൊപ്പം സത്യപ്രതിജ്ഞ ചൊല്ലിയതെന്ന് ഉറപ്പാണ്. പക്ഷേ, പിന്നീട് അവരുടെ (എൻസിപി) നിലപാട് മാറി’ – ഫഡ്നാവിസ് വിശദീകരിച്ചു.

എന്നാൽ, ഫഡ്‌നാവിസിന്റെ ഈ പരാമർശത്തെ കടുത്ത ഭാഷയിലാണ് ശരദ് പവാർ വിമർശിച്ചത്. ‘‘ദേവേന്ദ്ര ഒരു സംസ്കാരമുള്ളയാളും മാന്യനുമാണെന്നാണ് ഞാൻ ഇതുവരെ കരുതിയത്. അദ്ദേഹം ഇതുപോലെ പച്ചക്കള്ളം പറയുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല’ – ശരദ് പവാർ പറഞ്ഞു.

2019 ഒക്ടോബർ 24ന് മഹാരാഷ്ട്ര നിയമഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ ബിജെപിക്ക് 105 സീറ്റും ഘടകകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റുമാണ് ലഭിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം ഉടലെടുത്തതോടെ ഇരു പാർട്ടികളും അകന്നു. ഇതോടെ, അതുവരെ എതിർ ചേരിയിലായിരുന്ന കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികളുമായി ശിവസേന സർക്കാര് ‍രൂപീകരണ ചർച്ച നടത്തി.

പ്രതിസന്ധി വർധിച്ചതോടെ നവംബർ 12ന് കേന്ദ്ര സർക്കാർ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇതിനിടെ ചർച്ച തുടർന്ന ശിവസേനയും കോൺഗ്രസും എൻസിപിയും സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചു. ശിവസേനാ തലവൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നും ധാരണയായി. എന്നാൽ, സകല പ്രതീക്ഷകളും തെറ്റിച്ച് നവംബർ 23ന് എൻസിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. മൂന്നു ദിവസങ്ങൾക്കു അജിത് പവാർ രാജിവച്ചതോടെ സർക്കാർ വീണു. പിന്നാലെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

English Summary: "Thought He's Cultured": Sharad Pawar On Devendra Fadnavis' Claim Against Him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com