‘പ്രഭാകരൻ കൊല്ലപ്പെട്ടതിന് തെളിവുണ്ട്’: നെടുമാരന്റെ അവകാശവാദം തള്ളി ശ്രീലങ്ക
Mail This Article
ചെന്നൈ∙ എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം ഉടൻ തിരികെയെത്തുമെന്നുമുള്ള ഉലക തമിഴക പേരവൈ പ്രസിഡന്റ് ഡോ. പഴ നെടുമാരന്റെ അവകാശവാദം ശ്രീലങ്ക തള്ളി.
പ്രഭാകരൻ കൊല്ലപ്പെട്ടതായി തെളിവുകളുണ്ടെന്നും ശ്രീലങ്കൻ സേനാവൃത്തങ്ങൾ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) നേതാവ് പ്രഭാകരൻ 2009ൽ ശ്രീലങ്കൻ ദൗത്യസേനയുടെ വെടിയേറ്റാണു മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടതായി അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സർക്കാർ സ്ഥിരീകരിച്ചിരുന്നു.
പ്രഭാകരൻ ആരോഗ്യവാനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും തഞ്ചാവൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഡോ. പഴ നെടുമാരൻ വെളിപ്പെടുത്തിയത്. പ്രഭാകരൻ മരിച്ചതിന്റെ ഔദ്യോഗിക രേഖകൾ ഒന്നും ശ്രീലങ്ക പുറത്തു വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഫോട്ടോ മാത്രമാണു പുറത്തുവിട്ടത്. ഭാര്യ മതിവദനിയുടെയും മകൾ ദ്വാരകയുടെയും മൃതദേഹങ്ങൾ എവിടെയെന്നും ഇനിയും വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ശ്രീലങ്ക കടന്നു പോകുന്ന സാഹചര്യം മോശമാണ്. പ്രഭാകരന്റെ സാന്നിധ്യം ഇവിടെയുണ്ടാകണം. ഈ നിർണായക ഘട്ടത്തിൽ തമിഴ്‌നാട് സർക്കാരും തമിഴ്‌നാട്ടിലെ എല്ലാ പാർട്ടികളും തമിഴ്‌നാട്ടിലെ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹത്തെക്കുറിച്ച് ഇതുവരെ ആസൂത്രിതമായി പ്രചരിപ്പിച്ച ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും ഇതോടെ വിരാമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
English Summary: Velupillai Prabakaran is alive: Sri Lanka denies Pazha Nedumaran's claims