‘ഉത്തരം നൽകാതെ മണിക്കൂറുകളോളം സംസാരിക്കുന്ന കല പഠിക്കാൻ പറ്റി’: മോദിയെ പരിഹസിച്ച് സ്റ്റാലിൻ
Mail This Article
ചെന്നൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ലോക്സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച നിരവധി ചോദ്യങ്ങൾക്ക് മറുപടി പറയാത്ത പ്രധാനമന്ത്രിയിൽനിന്ന് ആരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മണിക്കൂറുകളോളം സംസാരിക്കാൻ സാധിക്കുന്ന കല പഠിക്കാൻ സാധിച്ചതായി സ്റ്റാലിൻ പരിഹസിച്ചു.
ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഉദ്ദേശിച്ചായിരുന്നു സ്റ്റാലിന്റെ പരാമർശം. നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉൾപ്പെടെ രാഹുൽ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി ഒന്നിനും മറുപടി പറഞ്ഞിരുന്നില്ല.
‘‘പ്രധാനമന്ത്രിക്കും ബിജെപി സർക്കാരിനുമെതിരെ നിരവധി ആരോപണങ്ങളുണ്ടെങ്കിലും ഒന്നിനോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ജനങ്ങളുടെ വിശ്വാസമാണ് തന്റെ സംരക്ഷണ കവചമെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം വാചകകസർത്ത് ആയിരുന്നെങ്കിലും 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെക്കുറിച്ചോ അദാനി വിഷയത്തെക്കുറിച്ചോ വിശദീകരണമൊന്നും നൽകിയിട്ടില്ല.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരായ നേരിട്ടുള്ള ആരോപണങ്ങളാണ്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് പോലും കേസ് ഗൗരവമായി പരിഗണിക്കുന്നു. അതിനാൽ പാർലമെന്റിൽ ചർച്ച നടത്തണം. സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിന് ഉത്തരവിടണം.’’– സ്റ്റാലിൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെയും പരാമർശങ്ങൾ സഭാ രേഖകളിൽനിന്നു നീക്കിയെങ്കിലും അവരെ ജനങ്ങളുടെ മനസ്സിൽനിന്നു പുറത്താക്കാൻ കഴിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ കുറ്റസമ്മതമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി. ‘‘ആദ്യമായാണ് ഒരു പ്രധാനമന്ത്രി പാർലമെന്റിൽ പ്രതിപക്ഷത്തിനെതിരെ പകപോക്കൽ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് അംഗീകരിക്കുന്നത്. ഇതു രാജ്യത്തിന് നല്ലതല്ല, തീർച്ചയായും ജനാധിപത്യത്തിനും നല്ലതല്ല.’’ സ്റ്റാലിൻ പറഞ്ഞു.
English Summary: "First Time A PM Has Accepted...": MK Stalin Tears Into Parliament Speech