താരങ്ങളെയും ഇൻഫ്ലുവന്‍സർമാരെയും കണ്ടു മോദി; കർണാടകയിൽ പുതുതന്ത്രവുമായി ബിജെപി
Mail This Article
ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ, എയറോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ സിനിമാ താരങ്ങളെയും ലക്ഷങ്ങൾ ഫോളോവേഴ്സുള്ള കന്നഡ ഇൻഫ്ലുവന്‍സർമാരെയും വിളിപ്പിച്ചു ചർച്ച നടത്തിയതാണു ബെംഗളൂരുവിലെ പുതിയ സംസാരവിഷയം.
ഋഷഭ് ഷെട്ടി മുതൽ പുനീത് രാജ്കുമാറിന്റെ ഭാര്യ വരെ; തിരഞ്ഞെടുപ്പിൽ തുണയാകുമോ ഈ താരകൂടിക്കാഴ്ച്ച
എയർ ഷോയുടെ ഉദ്ഘാടനത്തിനായി ഞയറാഴ്ച വൈകിട്ടാണ് നരേന്ദ്ര മോദി ബെംഗളൂരുവിലെത്തിയത്. രാത്രി രാജ്ഭവനിലായിരുന്നു താരങ്ങളും വെർച്വൽ ലോകത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച്ച. ഋഷഭ് ഷെട്ടി, യാഷ്, അശ്വനി പുനീത്, ക്രിക്കറ്റ് താരങ്ങളായ ജഗവല്‍ ശ്രീനാഥ്, അനില്‍ കുംബ്ലെ, മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡേ, സാമൂഹമാധ്യമ താരങ്ങളായ അയ്യോ ശ്രദ്ധ തുടങ്ങിയവരുമായാണ് മോദി പ്രത്യേകം ചർച്ചകൾ നടത്തിയത്. കടുത്ത ഭരണവിരുദ്ധത, പാളയത്തിലെ പട, പ്രമുഖ സമുദായങ്ങളുടെ താൽപര്യക്കുറവ് തുടങ്ങി, നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്കു തലവേദനയായി നിരവധി പ്രശ്നങ്ങള്‍ കർണാടകയിലുണ്ട്.
Read also: ‘ഉത്തരം നൽകാതെ മണിക്കൂറുകളോളം സംസാരിക്കുന്ന കല പഠിക്കാൻ പറ്റി’: മോദിയെ പരിഹസിച്ച് സ്റ്റാലിൻ
ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിക്കാന്‍ ആളും അർഥവും നൽകി കർണാടകയിലെ ബിജെപിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ച ഖനി രാജാവ് ജനാർദ്ദനൻ റെഡ്ഡി സ്വന്തം പാർട്ടി ഉണ്ടാക്കി കളത്തിലുണ്ട് എന്ന ആശങ്കയും താമരക്കൂടാരത്തിലുണ്ട്. വന്ദ്യവയോധികനെന്നധിക്ഷേപിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയ ബി.എസ്.യെഡിയൂരപ്പയുടെ കണ്ണീര് ഇതുവരെ തോർന്നിട്ടില്ലെന്നും പാർട്ടിക്കു ബോധ്യമുണ്ട്. മത്സരത്തിനില്ലെന്നും നല്ല പ്രചാരകനാവുമെന്നും യെഡിയൂരപ്പ പറയുന്നുണ്ടെങ്കിലും മകനടക്കം കൂടെയുള്ളവർക്ക് നല്ല സ്ഥാനം കിട്ടിയില്ലെങ്കിൽ ഒരുകാലത്തെ പാർട്ടിയുടെ പടക്കുതിര ഇടഞ്ഞേക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
ആറുകോടി വോട്ടർമാരുടെ 15 ശതമാനമുള്ള ലിങ്കായത്തുകള്‍ എക്കാലത്തും പിന്തുണച്ചിരുന്ന കാവിയോട് ഇപ്പോള്‍ കാണിക്കുന്ന അകല്‍ച്ച ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ താരങ്ങളെ നേരിട്ടു കാണാന്‍ മോദിയെ പ്രേരിപ്പിച്ചെന്നാണ് അടക്കം പറച്ചില്‍. കാന്താരയിലൂടെ കന്നഡ സിനിമയിലും പാന്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തും തന്റേതായ ഇടമുണ്ടാക്കിയ ഋഷഭ് ഷെട്ടിയാണ് മോദി കണ്ടവരില്‍ പ്രമുഖന്‍. പ്രധാനമന്ത്രി കന്താരയെ പ്രശംസിച്ചെന്നും മോദിയെ കാണാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കന്നഡ സിനിമയെ കുറിച്ചും സംസ്കാരത്തെ കുറിച്ചും വിശദമായി സംസാരിച്ചെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഋഷഭ് പറഞ്ഞു. കന്നഡ സിനിമയെ കുറിച്ച്, പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പ്രധാനമന്ത്രി വിശദമായി സംസാരിച്ചെന്ന് കെജിഎഫ് നടന്‍ യഷും പ്രതികരിച്ചിട്ടുണ്ട്.
Read also: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന
അന്തരിച്ച സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വനി പുനീതും മോദിയെ കണ്ടവരുടെ കൂട്ടത്തിലുണ്ട്. ബെംഗളൂരു നഗരത്തിലെ റോഡിനു പുനീതിന്റെ പേരിട്ടതിനു സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് അശ്വിനി നന്ദി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള 'അയ്യോ' ശ്രദ്ധയുടെ കൂടിക്കാഴ്ചയെ കുറിച്ചുള്ള ട്വീറ്റാകട്ടെ വൈറലാണ്. തന്റെ സാമൂഹമാധ്യമ അക്കൗണ്ടുകളിലുള്ള 'അയ്യോ' എന്ന വാക്ക് വിളിച്ചാണ് പ്രധാനമന്ത്രി സ്വാഗതം ചെയ്തത് എന്നായിരുന്നു ശ്രദ്ധയുടെ ട്വീറ്റ്.
സ്വപ്നം സഫലമായെന്നും ഒരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ് പ്രധാനമന്ത്രിയെ നേരിട്ടു കാണുകയെന്നതെന്നും കൂടിക്കാഴ്ച്ചയ്ക്കുശേഷം ക്രിക്കറ്റര്‍ വെങ്കിടേശ് പ്രസാദ് പറഞ്ഞു. പ്രമുഖ സ്റ്റാർട്ട് സംരഭകരായ സെറോദ്ദ നിഖില്‍, നിധിന്‍ കമ്മത്ത്, തരുണ്‍ മേത്ത തുടങ്ങിയവരും പ്രധാനമന്ത്രിയുടെ സൽക്കാരത്തില്‍ പങ്കെടുത്തിരുന്നു. ബസവരാജ് ബൊമ്മെ സർക്കാരിന്‍റെ നേട്ടങ്ങൾക്കുമപ്പുറം, മോദി എന്ന ബ്രാൻഡിനെ തന്നെയാകും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നതിന്റെ സൂചനയായും താരങ്ങളുമായുള്ള കൂടിക്കാഴ്ചയെ വിലയിരുത്തുന്നവരുണ്ട്.
English Summary: PM Narendra Modi met celebrities and influencers; BJP with a new strategy in Karnataka