അമ്മാവന് കറി കിട്ടിയില്ല; വിവാഹവിരുന്നിൽ കൂട്ടത്തല്ല്, വിളമ്പുകാരനെ നിലത്തിട്ടു ചവിട്ടി– വിഡിയോ
Mail This Article
ലക്നൗ∙ വിവാഹവിരുന്നിൽ വരന്റെ അമ്മാവന് കഴിക്കാൻ പനീർ കിട്ടിയില്ലെന്ന പരാതിക്കു പിന്നാലെ വിവാഹവേദിയിൽ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കൂട്ടത്തല്ലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിവാഹവിരുന്നിൽ പങ്കെടുക്കാനെത്തിയ അതിഥികൾ തമ്മിൽ ഏറ്റുമുട്ടുന്നതും ചിലരെല്ലാം ചേർന്ന് ഇരുകൂട്ടരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
വധുവിന്റെ കുടുംബമാണ് വിവാഹവിരുന്ന് സംഘടിപ്പിച്ചത്. വിരുന്നിൽ വരന്റെ അമ്മാവന് പനീർ കറി കിട്ടിയില്ലെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടാകുകയും കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. ഇഷ്ടപെട്ട പാട്ട് വയ്ക്കാതിരുന്നതിന് ഡിജെയ്ക്കെതിരെയും കയ്യേറ്റശ്രമം ഉണ്ടായതായി ആരോപണമുണ്ട്. വധുവിന്റെയും വരന്റെയും ബന്ധുക്കൾ വടിയും ബെൽറ്റും വരെ ഉപയോഗിച്ച് പരസ്പരം തല്ലുന്നതും വിളമ്പുകാരന്റെ വസ്ത്രം ധരിച്ച ഒരാളെ നിലത്തിട്ടു ചവിട്ടുന്നതും വിഡിയോയിൽ കാണാം.
സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇരുവിഭാഗങ്ങളും ഒത്തുതീർപ്പിൽ എത്തിയതിനാൽ വിട്ടയയ്ച്ചതായി പൊലീസ് അറിയിച്ചു. ട്വിറ്ററിൽ വൈറലായ വിഡിയോ ഇതുവരെ 1,40,000ലധികം പേരാണ് കണ്ടത്.
English Summary: Violent fight breaks after groom's uncle was not served paneer in UP wedding