മന്ത്രി വസതി ഒഴിവില്ല; സജി ചെറിയാനു വേണ്ടി 85,000 രൂപ മാസവാടകയില്‍ വീടെടുത്ത് സർക്കാർ
Mail This Article
തിരുവനന്തപുരം ∙ മന്ത്രിസഭയില്‍ തിരികെയെത്തിയ സജി ചെറിയാനു വഴുതക്കാട്ടെ സ്വകാര്യ വസതി സർക്കാർ വാടകയ്ക്കെടുത്തു നൽകി. ഔദ്യോഗിക വസതികളൊന്നും ഒഴിവില്ലാത്തതിനാലാണ് വഴുതക്കാട് ഈശ്വര വിലാസം റോഡിൽ ടിസി 16–158 നമ്പർ വീട് പ്രതിമാസം 85,000 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത് നൽകിയത്. എംഎല്‍എ ഹോസ്റ്റലിലാണ് മന്ത്രി ഇപ്പോള്‍ താമസിക്കുന്നത്.
രാജിവയ്ക്കുന്നതിനു മുന്‍പ് സജി ചെറിയാന്‍ താമസിച്ചിരുന്ന കവടിയാറിലെ വീട് പിന്നീട് കായിക മന്ത്രി വി.അബ്ദുറഹിമാനു നല്‍കി. ഇപ്പോള്‍ മന്ത്രി വസതിയൊന്നും ഒഴിവില്ലെന്നാണ് വിശദീകരണം. ഇതോടെയാണ് വീട് വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴെടുത്ത വീടിന് ഒരു വര്‍ഷം വാടക 10,20,000 രൂപയാണ്. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
നേരത്തെ ഇ.പി.ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന വസതിയാണിത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെതുടര്‍ന്നാണ് സജി ചെറിയാനു മന്ത്രിസഭയില്‍ നിന്നു പുറത്തു പോകേണ്ടി വന്നത്.
English Summary: Saji Cherian to get official residence for Rs. 85,000 rent