ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ ഇസ്രയേല്‍ ഗ്രൂപ്പ് ഇടപെട്ടു?; അന്വേഷണം ഗൗരിയുടെ പ്രചോദനത്തില്‍
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഇസ്രയേല്‍ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായെന്ന് ബ്രിട്ടിഷ് പത്രമായ 'ദ് ഗാര്‍ഡിയ'ന്‍റെ റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചരണത്തിന് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചെന്നാണ് ആരോപണം. ഇസ്രയേല്‍ കരാറുകാരുടെ സംഘമാണ് ഇടപെടലുകള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാര സോഫ്റ്റ്‌വെയറായ പെഗാസസിനു ശേഷം ഇന്ത്യയിൽ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള വെളിപ്പെടുത്തലുകളാണ് ‘ദ് ഗാർഡിയന്റെ’ റിപ്പോർട്ടിലുള്ളത്. അഡ്‌വാന്‍സ്ഡ് ഇംപാക്ട് മീഡിയ സൊലൂഷന്‍സ് (എയിംസ്) എന്ന സോഫ്റ്റ്‌വെയര്‍ പാക്കേജാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.
'ഫോര്‍ബിഡന്‍ സ്‌റ്റോറീസ്' എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ദ് ഗാർഡിയൻ ഉൾപ്പെടെ മുപ്പതിലേറെ മാധ്യമങ്ങളുടെ കൂട്ടായ്മ ആറു മാസം സമയമെടുത്ത് രഹസ്യാന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ടിലാണ്, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഇസ്രയേൽ ഇടപെടലുണ്ടായെന്ന കണ്ടെത്തലുള്ളത്. 2017ൽ ബെംഗളൂരുവിൽ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവർത്തകയുടെ അതുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയ്ക്കു പുറമെ യുഎസ്, ബ്രിട്ടൻ, യുഎഇ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ വാണിജ്യ, വ്യവസായ മേഖലകളിലും രാഷ്ട്രീയ മേഖലയിലും കൃത്യമായ ഇടപെടൽ തങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ‘ടീം ഹോർഹെ’ എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയായ ഇസ്രയേൽ മുൻ സ്പെഷൽ ഫോഴ്സ് ഉദ്യോഗസ്ഥനായ തൽ ഹനാന്റെ വെളിപ്പെടുത്തൽ.
സമൂഹമാധ്യമങ്ങളെ കൃത്യമായി ദുരുപയോഗപ്പെടുത്തി വ്യാജപ്രചാരണങ്ങളിലൂടെ ലക്ഷ്യം നേടുകയെന്നതാണ് ടീം ഹോർഹെയുടെ പ്രധാന ദൗത്യമെന്നാണ് വെളിപ്പെടുത്തൽ. പണം നൽകുന്ന ആർക്കു വേണ്ടിയും ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തും. ഇന്ത്യയിൽ ഒരു വൻകിട കമ്പനിക്കു വേണ്ടി തങ്ങൾ ഈ രീതിയിലുള്ള ഇടപെടൽ നടത്തിയെന്നും അദ്ദേഹം പറയുന്നു. എന്നാൽ കമ്പനി ഏതാണെന്നോ ഏതു തിരഞ്ഞെടുപ്പിലാണ് ഇടപെട്ടതെന്നോ വ്യക്തമാക്കിയിട്ടില്ല.
വാണിജ്യ, വ്യവസായ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാന പ്രവർത്തനമെങ്കിലും, മുപ്പതോളം തിരഞ്ഞെടുപ്പുകളിലും ഇടപെടൽ നടത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു. ഇതിൽ 27 തിരഞ്ഞെടുപ്പുകളിലും ലക്ഷ്യം നേടാനായെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ആഫ്രിക്കൻ രാജ്യത്തെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് റേഡിയോ ഫ്രാൻസ് എന്ന മാധ്യമ സ്ഥാപനത്തിന്റെ ജീവനക്കാർ ഇദ്ദേഹത്തെ സമീപിച്ചതോടെയാണ് സ്റ്റിങ് ഓപ്പറേഷന്റെ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ തന്റെ സ്ഥാപനം നടത്തിയ ഇടപെടലുകളെക്കുറിച്ച് ഈ സമയത്താണ് തൽ ഹനാന്‍ വെളിപ്പെടുത്തിയത്.
'ഫോര്‍ബിഡന്‍ സ്‌റ്റോറീസ്' എന്ന ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അതുവരെ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഈ സന്നദ്ധസംഘടനയുടെ ദൗത്യം. 2017ൽ ബെംഗളൂരുവിൽ ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവർത്തക കൊല്ലപ്പെട്ടതാണ് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊല്ലപ്പെടുന്നതിനു മുൻപ് ഗൗരി ലങ്കേഷ് തയാറാക്കി വച്ചിരുന്ന ‘ദ ഏജ് ഓഫ് ഫോൾസ് ന്യൂസ്’ എന്ന ലേഖനത്തിന്റെ അവസാന ഭാഗവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
‘വ്യാജ വാർത്തകളെ തുറന്നു കാട്ടുന്നവരെ ഞാൻ അഭിനന്ദിക്കുന്നു. അവരെ അഭിവാദ്യം ചെയ്യുന്നു. ഇത്തരക്കാർ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു’ എന്ന റിപ്പോര്‍ട്ടിലെ വാക്കുകള്‍ ഉദ്ധരിച്ചാണ് ഗാർഡിയൻ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വ്യാജ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എത്തരത്തിലാണ് ഇന്ത്യയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗൗരിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
English Summary: Israel group running fake campaigns in India, other nations: report