ADVERTISEMENT

ആലപ്പുഴ∙ കായംകുളത്തെ സിപിഎം ശൈലിക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഏരിയ കമ്മിറ്റിയിൽ. കേരളത്തിൽ ഇതുപോലൊരു ഏരിയ കമ്മിറ്റി കാണില്ലെന്നു പുത്തലത്ത് ദിനേശൻ പറഞ്ഞു. പാർട്ടി ബന്ധമുള്ള ഗുണ്ടാ ക്വട്ടേഷൻ സംഘത്തെ ന്യായീകരിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനും വിമർശനം നേരിടേണ്ടിവന്നു.

Read also: ശിവശങ്കറിന്റെ അറസ്റ്റും ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലും; പ്രതിരോധ ജാഥയ്ക്കു മുൻപേ സിപിഎം പ്രതിരോധത്തിൽ

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വാഗതസംഘം രൂപീകരണവുമായി ബന്ധപ്പെട്ടുചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണു നിശിത വിമർശനം ഉയർന്നത്. കായംകുളത്തേത് എന്തൊരു പാർട്ടിയാണ് എന്ന ചോദ്യം ചോദിച്ചാണ് ദിനേശൻ പ്രസംഗം തുടങ്ങിയത്. പിന്നാലെ പാർട്ടിയുടെ സംഘടനാ രേഖയും തെറ്റുതിരുത്തൽ രേഖയും അവതരിപ്പിച്ചു. ഇതിനിടയിലാണു കേരളത്തിൽ ഇത്തരമൊരു ഏരിയ കമ്മിറ്റി കാണില്ലെന്ന് പുത്തലത്ത് ദിനേശൻ പറഞ്ഞത്.

Read also: ‘വേദനയില്ലാതെ എങ്ങനെ മരിക്കാ’മെന്ന് ഗൂഗിൾ സേർച്ച്; യുവാവിന്റെ ആത്മഹത്യാ നീക്കം ഇന്റർപോൾ ‘കണ്ടു’

‘‘ലഭിക്കുന്ന പരാതികളിൽനിന്നുതന്നെ കായംകുളത്തെ പാർട്ടിയുടെ നിലവാരം വ്യക്തമായി ബോധ്യപ്പെടുകയാണ്. കുറേ ഗ്രഹങ്ങളും ചുറ്റിപ്പറ്റി കുറേ ഉപഗ്രഹങ്ങളുമാണ് കായംകുളത്ത് പാർട്ടിയിൽ ഉള്ളത്’’ – ദിനേശൻ കൂട്ടിച്ചേർത്തു. അതിനിടെ, കൊച്ചുമക്കളെ എസ്എഫ്ഐയിൽ വിടില്ലെന്ന് ഒരു വനിതാ നേതാവ് ഏരിയ കമ്മിറ്റിയിൽ പറഞ്ഞു. മകനെ ഡിവൈഎഫ്ഐയിലേക്കു വിടില്ലെന്ന് മറ്റൊരു ഏരിയ കമ്മിറ്റിയംഗവും പറഞ്ഞു. പാർട്ടി കമ്മിറ്റിയിൽ ഇരുന്ന് ഇങ്ങനെ സംസാരിക്കരുതെന്നായിരുന്നു സെക്രട്ടേറിയറ്റ് അംഗത്തിന്റെ ശാസന.

പാർട്ടി ബന്ധമുള്ള ഗുണ്ടാ – ക്വട്ടേഷൻ സംഘത്തെ ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഏരിയ കമ്മിറ്റി അംഗം സംസാരിച്ചു. എന്നാൽ നേർവഴി കാണിക്കാൻ പറ്റിയില്ലെങ്കിൽ വേറെ പണി നോക്കണമെന്നാണ് ഇതിനോടു ദിനേശന്‍ മറുപടി പറഞ്ഞത്. കായംകുളത്ത് നടന്ന, സിപിഎം പ്രവർത്തകർ ആരോപണവിധേയരായ ആശുപത്രി ആക്രമണം, അശ്ലീല സംഭാഷണ വിവാദം, ഹോട്ടൽ ആക്രമണം എന്നിവയിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാനും ഇതുവരെ ലഭിച്ച പരാതികളിൽ തീരുമാനമെടുക്കാനും ദിനേശൻ നിർദേശിച്ചു.

ഗുണ്ടാ – ക്വട്ടേഷൻ സംഘത്തിനു ജില്ലാ കമ്മിറ്റിയംഗത്തിന്റെ പിന്തുണയുണ്ടെന്ന് ഒരു വിഭാഗം ആരോപിച്ചു. അതിനിടെ, പരാതി പറഞ്ഞ് യു.പ്രതിഭ എംഎൽഎയും രംഗത്തെത്തി. ഏറ്റവും വലിയ സൈബർ ആക്രമണം നേരിട്ടതു താനാണെന്ന് എംഎല്‍എ പറഞ്ഞു. അന്നു നടപടിക്ക് ആരും ആവശ്യപ്പെട്ടില്ല. പാർട്ടിയിലുള്ളവർ പോലും പിന്തുണ നൽകിയില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

സിപിഎം പ്രചാരണ ജാഥയുടെ സംഘാടക സമിതി ചെയർമാന് മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ഒരു വിഭാഗം ഉന്നയിച്ചു. ഇതെല്ലാം പരിശോധിക്കാൻ നിർദേശിച്ചാണ് ഏരിയ കമ്മിറ്റി അവസാനിച്ചത്.

English Summary: Issues in Kayamkulam area committee of CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com