ADVERTISEMENT

തൃശൂർ ∙ ഷഹാനയ്ക്കു കൂട്ടായി ഇനി പ്രണവില്ല. നിറകണ്ണുകളോടെ ഒരു നാട് ഒന്നടങ്കം പ്രണവിന് യാത്ര പറഞ്ഞു. ഇന്നു രാവിലെ 11 മണിക്കായിരുന്നു സംസ്കാര ചടങ്ങുകൾ. മൂന്നു വർഷം താങ്ങും തണലുമായിരുന്ന ജീവിതസഖി ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി. നിയന്ത്രണം വിട്ടു തേങ്ങിയ ഷഹാനയെ സമാധാനിപ്പിക്കാൻ ചുറ്റും കൂടിയവർക്കു പോലുമായില്ല. പെരുന്നാളും ഉത്സവവും ആഘോഷിക്കാൻ ഇനി പ്രണവില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കൂട്ടുകാർക്കും ഇനിയുമായിട്ടില്ല. നാട് ഒന്നടങ്കം എത്തി പ്രണവിന് വിടചൊല്ലി. മന്ത്രി ആർ. ബിന്ദുവും കണ്ണികരയിലെ പ്രണവിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

എട്ടു വർഷം മുൻപുണ്ടായ അപകടത്തെ തുടർന്ന് ശരീരം തളർന്ന പ്രണവ് വീൽചെയറിലായിരുന്നു പിന്നീടങ്ങോട്ട് ജിവിച്ചത്. ബികോം വിദ്യാർഥിയായിരിക്കെ കുതിരത്തടം പൂന്തോപ്പിലുണ്ടായ ബൈക്ക് അപകടത്തിലാണ്, താഴെക്കാട് മണപറമ്പിൽ സുരേഷ്ബാബുവിന്റെ മകനായ പ്രണവിന്റെ കഴുത്തിനുതാഴെ പൂർണമായും തളർന്നത്. ‍ജീവിതം വീൽചെയറിലേക്കു മാറിയെങ്കിലും നിരാശയുടെ ഇരുട്ടിലേക്കു വീഴാൻ തയാറായില്ല. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും നിറസാന്നിധ്യമായി. അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആഘോഷ വേദികളിലെത്തിയത്.

വീൽചെയറിലിരുന്ന് കൂടൽമാണിക്യം ഉത്സവത്തിലെ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോകൾ ഫെയ്സ്ബുക്കിൽ കണ്ടാണ് തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയായ ഷഹ്ന പ്രണവിനെ പരിചയപ്പെട്ടത്. അമ്മ സുനിത പ്രണവിന് ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോകളും ഷഹ്നയെ പ്രണവിലേക്ക് അടുപ്പിച്ചു. പ്രണവ് ഷഹ്നയെ പ്രണയത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ തിരുവനന്തപുരത്തുനിന്ന് താഴെക്കാട്ടെത്തിയ ഷഹ്ന 2020 മാർച്ച് 3നു പ്രണവിനെ വിവാഹം കഴിച്ചു.

അന്നു മുതൽ പ്രണവിന്റെ നിഴലായി ഷഹ്നയുണ്ട്. ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം ഒരുമിച്ച് ആഘോഷിക്കാൻ തുടങ്ങി. കഴിഞ്ഞ 30ന് പ്രണവിന്റെ ജന്മദിനവും ഗംഭീരമായി ആഘോഷിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രക്തം ഛർദിച്ചതിനെത്തുടർന്ന് പ്രണവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെത്തുംമുൻപു മരിച്ചു.

English Summary: Relatives and friends pay last tribute to social media influencer Pranav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com