നിതീഷുമായി ഇടഞ്ഞു, ജെഡിയു വിട്ടു; പുതിയ പാർട്ടിയുമായി ഉപേന്ദ്ര ഖുശ്വാഹ
Mail This Article
പട്ന ∙ ജനതാദളിൽ(യു)നിന്നു രാജിവച്ച ഉപേന്ദ്ര ഖുശ്വാഹ രാഷ്ട്രീയ ലോക് ജനതാദൾ പാർട്ടി രൂപീകരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണു ഖുശ്വാഹ ജെഡിയു വിട്ടത്. ജെഡിയുവിലെ ഖുശ്വാഹ അനുയായികൾ യോഗം ചേർന്നു പുതിയ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു. ഖുശ്വാഹയെ പാർട്ടി ദേശീയ അധ്യക്ഷനായും നിയോഗിച്ചു.
ആർജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണു മുഖ്യമന്ത്രി സ്ഥാനത്തു തന്റെ പിൻഗാമിയെന്ന നിതീഷ് കുമാറിന്റെ പ്രഖ്യാപനത്തെ തുടർന്നാണു ഖുശ്വാഹ ഇടഞ്ഞത്. മന്ത്രിസഭാ പുനഃസംഘടനയിൽ തേജസ്വിക്കു തുല്യമായി ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ഖുശ്വാഹയുടെ ആവശ്യവും നിതീഷ് നിരാകരിച്ചു.
Read Also: രൂപയ്ക്ക് മാനസിക രോഗമെന്നു രോഹിണി; തെരുവിൽ പോലും ആരും ഇങ്ങനെ പറയില്ലെന്ന് മന്ത്രി
ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാനായിരുന്ന ഖുശ്വാഹ പാർട്ടി പദവികളും എംഎൽസി സ്ഥാനവും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഖുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്പി) ഇരുമുന്നണികളിലുമില്ലാതെ മത്സരിച്ചെങ്കിലും സീറ്റൊന്നും ലഭിച്ചില്ല. അതിനു ശേഷമാണ് ആർഎൽഎസ്പി ജെഡിയുവിൽ ലയിച്ചത്.
English Summary: Upendra Kushwaha quits JD(U), floats Rashtriya Lok Janata Dal