ഇസ്രയേലിന്റെ ചാരന്മാരെ വെട്ടിച്ച് ബിജു എവിടെ ഒളിക്കും? മൊസാദിന്റെ മിടുക്കറിഞ്ഞ ‘ഓപറേഷൻ ടൈഗർ കബ്’
Mail This Article
കൃഷി പഠിക്കാൻ കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച കർഷക സംഘത്തിൽനിന്ന് ഒരാൾ മുങ്ങിയിരിക്കുന്നു! സ്വന്തം പാസ്പോർട്ട് അടക്കമുള്ള രേഖകളുമായിട്ടാണ് കണ്ണൂർ സ്വദേശി ബിജു കുര്യനെ കാണാതായത്. എങ്ങോട്ടായിരിക്കും ബിജു പോയത്? ഇസ്രയേലിലോ അവിടെനിന്ന് മറ്റ് ഏതെങ്കിലും രാജ്യത്തേക്കോ അനധികൃതമായി കുടിയേറാനുള്ള ശ്രമമായിരിക്കാം അദ്ദേഹത്തിന്റേതെന്നാണ് സംശയം. മുൻപൊക്കെ, കലാപരിപാടികൾ അവതരിപ്പിക്കുന്ന ട്രൂപ്പുകളുടെ ഭാഗമായും മറ്റും വിദേശ രാജ്യങ്ങളിലേക്ക് താൽക്കാലിക വീസയിൽ എത്തുകയും ആരുമറിയാതെ മുങ്ങി പലതരം ജോലികൾ ചെയ്ത് ഒടുവിൽ അവിടെ പൗരത്വം നേടിയെടുക്കുകയും ചെയ്തവരുടെ കഥ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അന്ന് ഇത്തരം കാര്യങ്ങളിൽ പല രാജ്യങ്ങളും അയഞ്ഞ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. അനധികൃത കുടിയേറ്റങ്ങളെ രാജ്യങ്ങൾ ശക്തമായി പ്രതിരോധിക്കുന്നു. അതുകൊണ്ടുതന്നെ ബിജുവിനായി ഇസ്രയേൽ പൊലീസ് കാടടച്ചുള്ള തിരച്ചിലാണ് നടത്തുന്നത്. നയതന്ത്ര ബന്ധങ്ങളെ വരെ ബാധിക്കുന്ന വിഷയമായതിനാൽ ഇരു രാജ്യങ്ങളും ഇത്തരം കാര്യങ്ങൾ ഗൗരവത്തോടെതന്നെ കാണാനാണ് സാധ്യത. അതിന്റെ ഭാഗമായിട്ടാണ്, ഇദ്ദേഹത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റിന് കേരളം കത്ത് നൽകിയതും. ഇസ്രയേലിൽനിന്ന് ബിജു അടുത്ത രാജ്യങ്ങളിലേക്കൊന്നും കടന്നിട്ടില്ലെങ്കിൽ കണ്ടെത്താൻതന്നെയാണ് സാധ്യത. കാരണം, അതാണ് ഇസ്രയേലിന്റെ ചരിത്രം. ‘വൈക്കോൽ കൂനയിൽ കാണാതായ സൂചി’ വരെ തപ്പിയെടുക്കുന്ന അത്ര ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് അവരുടേത്. 1960ൽ ഇസ്രയേലിൽനിന്ന് കാണാതായ 8 വയസ്സുകാരൻ ‘യോസേൽ’ എന്ന കുട്ടിയെ കണ്ടെത്താനായി രഹസ്യാന്വേഷണ സംഘടനയായ ‘മൊസാദ്’ ലോകമെങ്ങും നടത്തിയ വേട്ട അദ്ഭുതത്തോടെയാണ് പിൽക്കാലത്ത് ലോകം കേട്ടറിഞ്ഞത്. കാണാതായ ഒരു സാധാരണക്കാരൻ കുട്ടിക്കു വേണ്ടി അത്തരമൊരു അന്വേഷണം ലോകചരിത്രത്തിൽ തന്നെ മറ്റൊരു രാജ്യവും നടത്തിയിട്ടുണ്ടാകില്ല. ‘ഓപറേഷൻ ടൈഗർ കബ്’ എന്ന പേരിൽ അന്നത്തെ മൊസാദ് മേധാവി ഐസർ ഹാരൽതന്നെ മേൽ നോട്ടം വഹിച്ച ആ തിരച്ചിൽ രണ്ടു വർഷത്തോളം നീണ്ടു നിന്നു. എന്തായിരുന്നു അന്ന് കാണാതായ യോസേലിന് സംഭവിച്ചത്? എങ്ങനെയാണ് യോസേലിനെ മൊസാദ് കണ്ടെത്തിയത്? എന്തുകൊണ്ടാണ് ഇത്രയേറെ പ്രാധാന്യം ആ സംഭവത്തിന് ഇസ്രയേലിൽ ലഭിച്ചത്? രാജ്യത്തിനു പുറത്തുള്ള ദൗത്യങ്ങൾ മാത്രം ഏറ്റെടുക്കാൻ ചുമതലപ്പെട്ട സംഘടന എന്തുകൊണ്ടാണ് ഒരു കുട്ടിക്കു വേണ്ടി രാജ്യാന്തരതലത്തിൽ ഇത്രയേറെ വലവിരിച്ചത്? അസാധാരണമായൊരു കഥയാണത്...