ഇസ്രയേലിൽ കാണാതായ കർഷകന്റെ വീസ റദ്ദാക്കും; എംബസിക്ക് സർക്കാർ കത്തുനൽകും
Mail This Article
തിരുവനന്തപുരം∙ ഇസ്രയേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യന്റെ വീസ റദ്ദാക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെടും. ഇതിനായി ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കു കത്തു നൽകും. വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം. ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന സർക്കാര്‍ ഇസ്രയേലിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിരുന്നു.
ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽനിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് അപ്പോൾ തന്നെ എംബസിയെ വിവരം അറിയിച്ചു. തിരച്ചിൽ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേൽ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.
യാത്രയുടെ തുടക്കം മുതൽ ബിജു സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നു. ആസൂത്രിതമായി ബിജു മുങ്ങിയെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ഡിസംബർ 20ന് ആണ് പായം കൃഷി ഭവനിൽ ബിജുവിന്റെ അപേക്ഷ ഓൺലൈനായി ലഭിച്ചത്. പായം കൃഷി ഓഫിസറുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തിയാണ് ബിജുവിനെ തിരഞ്ഞെടുത്തത്.
English Summary: Kerala Government will ask the Indian Embassy to cancel the visa of Biju Kurian, the farmer missing in Israel