ബിജു തുടക്കം മുതൽ അകലം പാലിച്ചു: ആസൂത്രിതമായി മുങ്ങിയതെന്ന് സഹയാത്രികർ
Mail This Article
തിരുവനന്തപുരം ∙ ഇസ്രയേലിൽ കാണാതായ കണ്ണൂർ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യൻ, യാത്രയുടെ തുടക്കം മുതൽ സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നതായി വെളിപ്പെടുത്തൽ. സംഘത്തിലുണ്ടായിരുന്ന ചില സഹയാത്രികരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജു ആസൂത്രിതമായി മുങ്ങിയെന്നാണു കരുതുന്നതെന്നും ചില സഹയാത്രികർ വ്യക്തമാക്കി. ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രയേലിലേക്ക് അയച്ച സംഘത്തിലെ കർഷകൻ അവിടെവച്ച് മുങ്ങിയത് സർക്കാരിന് നാണക്കേടായിരിക്കെയാണ്, മുൻകൂട്ടി പദ്ധതിയിട്ടാണ് ബിജു മുങ്ങിയതെന്ന സംഘാംഗങ്ങളുടെ വെളിപ്പെടുത്തൽ.
ഇതിനിടെ, ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇസ്രയേലിലെ ഇന്ത്യൻ കോൺസുലേറ്റിന് കത്തയച്ചു. ബിജുവിനെ കാണാതായതു സംബന്ധിച്ച് പായം കൃഷി ഓഫിസർ കെ.ജെ.രേഖ ജില്ലാ മേധാവി മുഖേന കൃഷി വകുപ്പ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. താൻ ഇസ്രയേലിൽ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങൾക്ക് വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു.
ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽ നിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണു കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് അപ്പോൾ തന്നെ ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചിരുന്നു. തിരച്ചിൽ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേൽ അധികൃതരിൽ നിന്ന് ഇന്നലെയും ലഭിച്ചത്. അതേസമയം, ബിജു ഒഴികെയുള്ള സംഘം ഇന്നലെ പുലർച്ചെ നെടുമ്പാശേരിയിൽ മടങ്ങിയെത്തി.
English Summary: Missing Kannur farmer in Israel - Updates