‘ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിക്ക് വെല്ലുവിളികളില്ല’: ആർഎൽജെഡി ബിജെപി സഖ്യത്തിൽ ചേർന്നേക്കും
Mail This Article
പട്ന∙ ജനതാദളിൽ(യു)നിന്നു രാജിവച്ചു രാഷ്ട്രീയ ലോക് ജനതാദൾ (ആർഎൽജെഡി) രൂപീകരിച്ച ഉപേന്ദ്ര ഖുശ്വാഹ ബിജെപി സഖ്യത്തിൽ ചേരാൻ സാധ്യത. ആർഎൽജെഡിക്ക് ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് (എൻഡിഎ) സ്വാഗതമെന്നു ബിജെപി വക്താവ് നിഖിൽ ആനന്ദ് പ്രതികരിച്ചു. ജെഡിയുവിൽ നടക്കാനിരിക്കുന്ന വൻ പൊട്ടിത്തെറിയുടെ സൂചനയാണ് ഉപേന്ദ്ര ഖുശ്വാഹയുടെ രാജിയെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ മോദി പറഞ്ഞു.
എൻഡിഎയിൽ ചേരുമോയെന്ന ചോദ്യത്തിനു ഉപേന്ദ്ര ഖുശ്വാഹ വ്യക്തമായ മറുപടി നൽകിയില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ചായ്‌വ് പ്രകടമാക്കാൻ മടിച്ചില്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കു മുന്നിൽ വെല്ലുവിളികളില്ലെന്നു ഉപേന്ദ്ര ഖുശ്വാഹ പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ ഐക്യശ്രമങ്ങൾ വിഫലമാകും. പ്രതിപക്ഷ കക്ഷികളിൽ പ്രധാനമന്ത്രി സ്ഥാനാർഥികൾ ഏറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജെഡിയു മഹാസഖ്യത്തിലേക്കു മാറിയതോടെ ബിഹാറിൽ എൻഡിഎ ദുർബലമായിട്ടുണ്ട്. ബിജെപിക്കൊപ്പം പ്രബല സഖ്യകക്ഷികളില്ലാത്ത സാഹചര്യമാണ്. കേന്ദ്രമന്ത്രി പശുപതി പാരസിന്റെയും ചിരാഗ് പസ്വാന്റെയും നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടികൾ ബിജെപിക്ക് ഒപ്പമുണ്ടെങ്കിലും പരസ്പര ഐക്യമില്ല. നേരത്തേ ജെഡിയു വിട്ട മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് ബിജെപിയിൽ ചേർന്നേക്കും. മഹാസഖ്യത്തിൽനിന്നു ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയെ മഹാസഖ്യത്തിൽനിന്ന് അടർത്തിയെടുക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.
English Summary: Bihar: Upendra Kushwaha has little option but to align with BJP again