എന്നും വിളിക്കുന്നുണ്ട്, ഫോൺ എടുക്കുന്നില്ല: ഇസ്രയേലിൽ ‘മുങ്ങിയ’ കർഷകന്റെ കുടുംബം
Mail This Article
കണ്ണൂർ ∙ ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ ഇരിട്ടി കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷം ബിജു കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടില്ല. എല്ലാ ദിവസവും തുടർച്ചയായി ഫോണിൽ വിളിക്കുന്നുണ്ടെങ്കിലും എടുക്കുന്നില്ല. സന്ദേശങ്ങൾക്കും മറുപടിയില്ല. അവസാനമായി ബിജു ഓൺലൈനിൽ ഉണ്ടായിരുന്നതും കഴിഞ്ഞ വ്യാഴാഴ്ചയാണ്.
ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണെന്ന് സഹോദരൻ ബെന്നി പറഞ്ഞു. ഇസ്രയേലിൽ പോയാൽ തിരിച്ചു വരില്ലെന്നോ അവിടെത്തുടരാൻ പദ്ധതിയുണ്ടെന്നോ ബിജു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കർഷകനെ കാണാതായതു സംബന്ധിച്ച് പായം കൃഷി ഓഫിസർ കെ.ജെ.രേഖ പ്രിലിമിനറി റിപ്പോർട്ട് വകുപ്പിനു കൈമാറി. ബിജു കുര്യനെ ഇസ്രയേലിലേക്കുള്ള യാത്രയ്ക്കു തിരഞ്ഞെടുത്തത് നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്.
∙ വീസ റദ്ദാക്കി തിരിച്ചയയ്ക്കണമെന്ന് സർക്കാർ
അതിനിടെ, ബിജു കുര്യന്റെ വീസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് സംസ്ഥാന സർക്കാർ കത്തയച്ചു. വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം. മേയ് 8 വരെയാണ് ബിജുവിന്റെ വീസയുടെ കാലാവധി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിനു വേണ്ടി, കൃഷി വകുപ്പിനു കീഴിലുള്ള സമേതി ഡയറക്ടർ ജോർജ് അലക്സാണ്ടറാണ് ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കും ബെംഗളൂരുവിലെ ഇസ്രയേൽ കോൺസുലേറ്റിനും കത്തയച്ചത്. വീസ കാലാവധി അവസാനിക്കുന്നതു വരെ കാത്തിരിക്കരുതെന്നും എത്രയും വേഗം റദ്ദാക്കി ബിജുവിനെ നാട്ടിലേക്ക് അയയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാരിന്റെ അപേക്ഷയിലാണ് ബിജുവിന് വിദേശയാത്ര യ്ക്കുള്ള വീസ ലഭിച്ചത്. ഇക്കാരണത്താലാണ് നിയമനടപടി സ്വീകരിക്കുന്നതെന്നും കൃഷി വകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളി രാത്രി മുതലാണ് ബിജുവിനെ ഇസ്രയേലിൽ വച്ചു കാണാതായത്. ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കൃഷി വകുപ്പ് രണ്ടു പട്ടികയാണ് തയാറാക്കിയത്. ആദ്യ പട്ടികയിൽ 20 പേരും വെയ്റ്റ് ലിസ്റ്റിൽ 10 പേരുമായിരുന്നു. വെയ്റ്റ് ലിസ്റ്റിൽ മൂന്നാമതായിരുന്ന ബിജു, അന്തിമ പട്ടികയിൽ ഇടം പിടിച്ചു.
വിദേശയാത്രയ്ക്കായി ഡിസംബർ 17 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേ മാസം 29 നായിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി. 32 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. പല കർഷകർക്കും ഈ സമയത്തിനകം അപേക്ഷിക്കാൻ കഴിയാത്തതിനാലും അപേക്ഷ സമർപ്പിച്ച പലർക്കും യോഗ്യത ഇല്ലാത്തതിനാലും അപേക്ഷ നൽകേണ്ട തീയതി ജനുവരി 12 വരെ നീട്ടി.
എന്നാൽ ഈ തീയതിക്ക് 3 ദിവസം മുൻപ് യാത്രയ്ക്കുള്ള 20 അംഗ പ്രാഥമിക പട്ടികയും വെയ്റ്റ് ലിസ്റ്റും കൃഷി വകുപ്പ് പ്രസിദ്ധീകരിച്ചു. ജനുവരി 5 ന് കമ്മിറ്റി കൂടിയാണ് പട്ടിക തീരുമാനിച്ചതെന്നും അപേക്ഷിച്ച 32 പേരിൽ 30 പേരും യോഗ്യരാണെന്നും രണ്ടു പേരെ മാത്രം ഒഴിവാക്കിയെന്നുമാണ് കൃഷി വകുപ്പിന്റെ വിശദീകരണം.
English Summary: Kerala Govt requests embassy in Israel to revoke visa of missing farmer