ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ശുപാർശ അംഗീകരിച്ചു സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ ഡോ. സിസ തോമസിനെ മാറ്റാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറായില്ലെങ്കിൽ സർക്കാരും ഗവർണറുമായുള്ള പോര് വീണ്ടും സജീവമാകും. പുതിയ താൽക്കാലിക വിസിയെ നിയമിക്കുന്നതിനു 3 പേരുടെ പാനൽ ഗവർണർക്കു സർക്കാർ സമർപ്പിച്ചിരിക്കുകയാണ്. സിസയെ മാറ്റണമെന്നു ഹൈക്കോടതി വിധിയിൽ പറഞ്ഞിട്ടില്ലെന്നാണ് ഇതു സംബന്ധിച്ചു രാജ്ഭവന്റെ നിലപാട്. വിധിയിൽ വ്യക്തത തേടി സുപ്രീം കോടതിയിൽ അപ്പീൽ പോകണമെന്നാണ് ഗവർണർക്കു ലഭിച്ച നിയമോപദേശം.

ഇക്കാര്യത്തിൽ അദ്ദേഹം തീരുമാനം എടുത്തിട്ടില്ല. തന്റെ ഉത്തരവ് അനുസരിച്ചു ചുമതലയേറ്റ സിസയെ മാറ്റാൻ ചാൻസലർ കൂടിയായ ഗവർണർ വിസമ്മതിച്ചാൽ അത് വീണ്ടും സർക്കാരുമായുള്ള ഏറ്റുമുട്ടലിനാകും വഴിയൊരുക്കുക. വിസിയെ നിയമിക്കുന്നതിനു 3 പേരുടെ പാനൽ സമർപ്പിക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് രാജ്ഭവനു പാനൽ നൽകിയത്. സിസയെ മാറ്റിയ ശേഷം കോടതി നിർദേശിച്ചപോലെ, പാനലിലുള്ള ഒരാളെ വിസിയായി നിയമിക്കണമെന്നാണു സർക്കാരിന്റെ ആവശ്യം.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽ പദവികളിലുള്ള ഡോ. ടി.പി.ബൈജു ബായി, ഡോ.വൃന്ദ വി.നായർ, ഡോ. സി.സതീഷ്കുമാർ എന്നിവരുടെ പേരുകളാണ് വിസി സ്ഥാനത്തേക്ക് സർക്കാർ നൽകിയിരിക്കുന്നത്. മുൻപ് താൽക്കാലിക വിസിയെ നിയമിക്കാൻ ഗവർണർ ശ്രമിച്ചപ്പോൾ സർക്കാരിനെ ഭയന്ന് സീനിയർ പ്രഫസർമാരുടെ പട്ടിക നൽകാത്തയാളാണ് ഇതിൽ ഒരാൾ. മറ്റൊരാൾ കെടിയു സിൻഡിക്കേറ്റ് അംഗമാണ്. അന്നു സർക്കാരിന്റെ അപ്രീതി പരിഗണിക്കാതെ ഗവർണറുടെ നിർദേശം അനുസരിച്ച സിസയെ അദ്ദേഹം കൈവിടുമോ എന്നാണ് അറിയേണ്ടത്.

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

ഗവർണറുടെ ഉത്തരവ് അനുസരിച്ചതിന്റെ പേരിൽ സർവകലാശാലാ ഓഫിസിൽ ഇടതു ജീവനക്കാരുടെയും സിൻഡിേക്കറ്റിന്റെയും കടുത്ത പ്രതിരോധത്തെ നേരിട്ടാണ് സിസ തോമസ് പ്രവർത്തിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് സർവകലാശാലാ പ്രവർത്തനം സുഗമമാക്കാനും പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റ് വിതരണവും കാര്യക്ഷമമാക്കാനും അവർക്കു സാധിച്ചിരുന്നു. അടുത്ത മാസം 31ന് സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്നു സിസ വിരമിക്കുകയാണെങ്കിലും വിസിയുടെ പ്രായപരിധി കഴിയാത്തതിനാൽ എന്തു വേണമെന്നു ഗവർണർക്കു തീരുമാനിക്കാം.

വിസി നിയമനത്തിനു സർക്കാർ നൽകിയ പാനലിൽനിന്നു നിയമനം നീട്ടിക്കൊണ്ടു പോകാനും ഈ പാനലിൽ ഉള്ളവരെ കുറിച്ച് അന്വേഷണം നടത്താനും ഗവർണർക്ക് സാധിക്കും. വേണമെങ്കിൽ മറ്റൊരു പാനൽ സമർപ്പിക്കാനും ആവശ്യപ്പെടാം. സിസയ്ക്ക് ഒപ്പം ഈ 3 പേരും ഈ അക്കാദമിക് വർഷം വിരമിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ അടിക്കടി വിസിമാരെ മാറ്റുന്നതിനോടു ഗവർണർ വിയോജിക്കാനും സാധ്യതയുണ്ട്. വിദ്യാർഥികളുടെ ബിരുദ സർട്ടിഫിക്കറ്റിൽ ഒപ്പുവയ്ക്കുന്നത് ഉൾപ്പെടെ ഒട്ടേറെ പ്രധാന ഉത്തരവാദിത്തങ്ങൾ ഉള്ളയാളാണു വൈസ് ചാൻസലർ.

അടിക്കടി വിസിമാരെ മാറ്റുന്നതു സർവകലാശാലയുടെ വിശ്വാസ്യതയെ ബാധിക്കും. യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിന്റെ പേരിൽ ഡോ. എം.എസ്.രാജശ്രീയെ വിസി സ്ഥാനത്തുനിന്നു സുപ്രീംകോടതി പുറത്താക്കിയ ശേഷം കാർഷികോൽപാദന കമ്മിഷണർ ഇഷിത റോയി ആയിരുന്നു കുറെക്കാലം വിസി. യുജിസി ചട്ടം അനുസരിച്ച് പ്രഫസർമാർക്ക് മാത്രമേ വിസി ആകാൻ സാധിക്കൂ എന്നതിനാൽ പിന്നീട് ഇഷിതയെ മാറ്റി സിസയെ ഗവർണർ നിയമിക്കുകയായിരുന്നു.

English Summary: New warmode maybe started with Kerala Government and Governor relating to KTU VC appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com