ആ ചിരി ഇനി കണ്ണീരോര്‍മ, സുബി സുരേഷിന് വിട; സംസ്കാരം നടത്തി
Mail This Article
കൊച്ചി∙ കരൾ രോഗത്തെ തുടർന്ന് അന്തരിച്ച അവതാരകയും നടിയുമായ സുബി സുരേഷിന് കണ്ണീരോടെ വിട നൽകി കലാകേരളം. കൊച്ചി ചേരാനെല്ലൂർ ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വൈകിട്ട് നാല് മണിയോടെ മൃതദേഹം സംസ്കരിച്ചു. സഹോദരൻ എബി സുരേഷ് ചിതയ്ക്ക് തീകൊളുത്തി.
ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി.
ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു പിന്നാലെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. ഇതിനുശേഷമാണ് സംസ്കാരത്തിനായി ചേരാനല്ലൂർ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.
തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണു താമസം. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്. കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. രോഗം വൃക്കകളെ ബാധിച്ചിരുന്നു.കരൾ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റ്യൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷ സംസ്ഥാന മെഡിക്കൽ ബോർഡ് ഇന്നലെ പരിഗണിക്കാനിരിക്കെയാണു മരണം.
കൊച്ചിൻ കലാഭവനിലൂടെ മിമിക്രിയിൽ തിളങ്ങിയ സുബി, ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയിൽ വൻ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു.
English Summary: Actress Subi Suresh funeral today