തകരാർ പരിഹരിച്ചു; അതേ വിമാനം ദമാമിലേക്കു പോയി, പൈലറ്റിനെയും ക്രൂവിനെയും മാറ്റി
Mail This Article
തിരുവനന്തപുരം ∙ രണ്ടര മണിക്കൂര്‍ നീണ്ട ഉദ്വേഗത്തിനൊടുവില്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ തകരാർ പരിഹരിച്ചു. ഇതേ വിമാനം തന്നെ വൈകിട്ട് 5.18ന് ദമാമിലേക്കു പോയി. പൈലറ്റിനെയും ക്രൂവിനെയും മാറ്റി. ആദ്യം വിമാനം പറത്തിയ പൈലറ്റിന് ടേക് ഓഫിനിടെ വീഴ്ച സംഭവിച്ചതിനാലാണ് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേത്തുടർന്നു പൈലറ്റിനെ താൽക്കാലികമായി ഡ്യൂട്ടിയില്‍നിന്നു നീക്കി.
അടിയന്തര ലാന്‍ഡിങ്ങിനു മുൻപ് വിമാന ഇന്ധനം പുറന്തള്ളുന്നത് എന്തിന്, എങ്ങനെ?
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 9.45ന് ദമാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് (ഐഎക്‌സ് 385) തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു അടിയന്തര ലാൻഡിങ്ങിനായി തിരിച്ചുവിട്ട വിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് ലാന്‍ഡിങ് നടത്തിയത്. ഇതിനായി വിമാനം 11 തവണ ചുറ്റിപ്പറന്നു. കോഴിക്കോട് മൂന്ന് തവണയും തിരുവനന്തപുരത്ത് 8 തവണയുമാണ് ചുറ്റിപ്പറന്നത്.
അടിയന്തര ലാൻഡിങ്ങിനെ തുടർന്ന് വിമാനത്താവളത്തിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാനത്തിലെ യാത്രക്കാരെ ട്രാൻസിറ്റ് ലോഞ്ചിലേക്കു മാറ്റി. വിമാനം റൺവേയിൽനിന്ന് മാറ്റി. 9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി ഇറക്കാൻ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നൽകുകയുമായിരുന്നു.
11.03നാണ് ആണ് ആദ്യം ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്. ഇതു സാധ്യമായില്ല. കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ്ങിന് കഴിയാത്തതിനാല്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ പരിഗണിക്കുകയും ഒടുവില്‍ തിരുവനന്തപുരത്ത് ലാന്‍ഡിങ് നിശ്ചയിക്കുകയുമായിരുന്നു.
English Summary: Air India Express flight makes an emergency landing at Thiruvananthapuram Airport