ജയലളിതയുടെ ജന്മദിനം ആഘോഷമാക്കി എടപ്പാടി പക്ഷം; മുറിച്ചത് 75 കിലോയുടെ കേക്ക്
Mail This Article
ചെന്നൈ∙ അണ്ണാ ഡിഎംകെയുടെ അധികാരം കൈക്കലാക്കിയ എടപ്പാടി പക്ഷം ജയലളിതയുടെ 75–ാം ജന്മദിനം ആഘോഷമാക്കി. പിറന്നാൾ ആഘോഷങ്ങൾ 75 കിലോ കേക്ക് മുറിച്ച് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉദ്ഘാടനം ചെയ്തു. പിന്നീട് ജയലളിതയുടെയും എംജിആറിന്റെയും പ്രതിമകളിൽ പുഷ്പഹാരം അണിയിച്ചു. പിറന്നാള്‍ ആഘോഷങ്ങള്‍ ഫലത്തില്‍ പാര്‍ട്ടി പിടിച്ചതിന്‍റെ ആഘോഷമാക്കി എടപ്പാടി വിഭാഗം മാറ്റുകയായിരുന്നു.
അതേസമയം, കോടതിയിൽനിന്നു തിരിച്ചടി നേരിട്ട ഒ.പനീർസെൽവം സ്വവസതിയിലെ ജയലളിതയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് പനീർസെൽവം പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് എടപ്പാടി പളനിസാമിയെ പാർട്ടി ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് സുപ്രീംകോടതി ശരിവച്ചത്. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പനീർസെൽവം നൽകിയ ഹർജിയാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
കഴിഞ്ഞവർഷം ജൂലൈ 11ലെ ജനറൽ കൗൺസിൽ യോഗത്തിലാണ് എടപ്പാടിയെ ഇടക്കാല ജനറൽ സെക്രട്ടറിയാക്കിയതും പനീർസെൽവത്തെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയതും. ഇതിനെതിരെ പനീർസെൽവം നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചു. എന്നാൽ, എടപ്പാടി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
അതേസമയം, ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിലാണ് ഒ.പനീർസെൽവം. ചുരുക്കം നേതാക്കളും പ്രവർത്തകരുമേ ഒപ്പമുള്ളൂ. പനീർസെൽവം, ശശികല, ടി.ടി.വി.ദിനകരൻ എന്നിവരൊഴികെ എതിർപക്ഷത്തുനിന്ന് എല്ലാവരെയും സ്വാഗതം ചെയ്യുമെന്ന് എടപ്പാടി വിഭാഗം അറിയിച്ചതോടെ ഒപ്പമുള്ളവർ വീണ്ടും ചോർന്നു പോകുമെന്ന ആശങ്കയുമുണ്ട്.
English Summary: Jayalalitha birth Anniversary celebration