ADVERTISEMENT

തിരുവനന്തപുരം∙ നികുതി വര്‍ധനയിലും ബജറ്റിലും സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം ബിജെപി സ്പോണ്‍സര്‍ഷിപ്പിലാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേരള ജനതയെ ഒന്നാകെ വെല്ലുവിളിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന കേന്ദ്ര ബജറ്റിൽ പകൽ പോലെ വ്യക്തമായിട്ടും കേരളത്തിലെ യുഡിഎഫ് നേതൃത്വം അത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ വഴിവിട്ട ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്ന സാമ്പത്തിക ശക്തികളാണോ കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ സ്‌പോൺസർമാരെന്ന് സംശയിക്കേണ്ടതുണ്ടെന്നും ബിജെപിയെ സഹായിക്കുന്ന ചാവേറുകളായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിലെ കോൺഗ്രസ് സമരാഭാസം ബിജെപി സ്പോൺസർഷിപ്പിൽ

കേരള ജനതയെ ഒന്നാകെ വെല്ലുവിളിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന കേന്ദ്ര ബജറ്റിൽ പകൽ പോലെ വ്യക്തമായിട്ടും കേരളത്തിലെ യുഡിഎഫ് നേതൃത്വം അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. 

യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുമായി കോൺഗ്രസ് കേരള സർക്കാരിനെതിരെ നടത്തുന്ന സമരാഭാസങ്ങൾ കേന്ദ്രസർക്കാരിന്റെ നയങ്ങളും കേരളത്തിനെതിരെയുള്ള നിലപാടുകളും ജനശ്രദ്ധയിൽനിന്ന് മറച്ചുവയ്ക്കാൻ സഹായിക്കുന്നതാണ്. കേന്ദ്ര സർക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ട്.

കേന്ദ്ര സർക്കാരും ബിജെപിയുമാണ് യഥാർഥത്തിൽ കോൺഗ്രസ് സമരത്തിന്റെ ഗുണഭോക്താക്കൾ. ബിജെപിയെ സഹായിക്കുന്ന ചാവേറുകളായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ വഴിവിട്ട ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്ന സാമ്പത്തിക ശക്തികളാണോ കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ സ്‌പോൺസർമാരെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്.

English Summary: Kerala Budget: PA Muhammad Riyas criticism against Congress Protest 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com