വനത്തിനുള്ളിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
Mail This Article
പാലക്കാട്∙ മംഗലംഡാം വനത്തിനുള്ളിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. വണ്ടാഴി തളികക്കല്ല് സ്വദേശികളായ കണ്ണൻ സുജാത ദമ്പതികളുടെ പെൺകുഞ്ഞാണ് തൃശൂർ മെഡിക്കൽ കോളജിലെ ചികിത്സയ്ക്കിടെ പുലർച്ചെ മരിച്ചത്. ആറാം മാസത്തിൽ ജനിച്ച കുഞ്ഞിന് 700 ഗ്രാമിൽ താഴെയായിരുന്നു തൂക്കം. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വനത്തിലെ പ്രസവത്തിന് ശേഷം സുജാതയും കണ്ണനും ചേര്‍ന്നാണ് കുഞ്ഞിനെയും കൊണ്ട് ഊരിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ ആരോഗ്യ പ്രവർത്തകർ അമ്മയെയും കുഞ്ഞിനെയും തൃശൂർ മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. മാസം തികയാതെയുള്ള ജനനവും പോഷകാഹാരക്കുറവുമാണ് കുഞ്ഞിന്റെ മരണ കാരണമായി പറയുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
വേനൽ കനത്തതോടെ തളികക്കല്ല് ഊരിൽ കുടിവെള്ളം കിട്ടാത്ത അവസ്ഥയായി. തുടർന്നാണ് കണ്ണനും കുടുംബവും ഉൾവനത്തിലെത്തി കുടിൽകെട്ടി താമസമാക്കിയത്. ഇതിനിടയിൽ ശാരീരിക ബുദ്ധിമുട്ടുകൾ കണ്ടതിനെ തുടർന്ന് സുജാതയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഇവർ മടങ്ങുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം സുജാത വനത്തിൽവച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
Read Also: കടം 400 കോടിയോ 750 കോടിയോ?; 4 ഷോപ്പിങ് കോംപ്ലക്‌സുകള്‍ കൈവിട്ട് കെഎസ്ആര്‍ടിസി
അതേസമയം, കൃത്യമായ ഇടവേളകളില്‍ സുജാതയുടെ ആരോഗ്യ വിവരം മനസിലാക്കി പരിചരണം ഉറപ്പാക്കിയിരുന്നുവെന്നാണ് മെഡിക്കൽ കോളജിലെ ആരോഗ്യപ്രവര്‍ത്തകരുടെ വിശദീകരണം.
English Summary: Infant death at Palakkad