ചുറ്റും ആയുധധാരികൾ, 'വഴികാട്ടി' ഭിന്ദ്രന്‍വാല; ദുബായില്‍നിന്നെത്തിയ പഞ്ചാബിന്റെ 'വാരിസ്'; ആരാണ് അമൃത്പാൽ സിങ്?
Mail This Article
ആയുധങ്ങളുമേന്തി ആയിരക്കണക്കിന് പേർ അമൃത്‌സറിലെ അജ്നാലാ പൊലീസ് സ്റ്റേഷനിൽ കടന്നുകയറുകയും തങ്ങൾ ആവശ്യപ്പെട്ട പ്രതിയെ മോചിപ്പിക്കാമെന്ന് പൊലീസിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തതിനു ശേഷം നടന്ന ഒരു കാഴ്ചയുണ്ട്; സിഖുകാർ ഏറ്റവും വിശുദ്ധമെന്ന് കരുതുന്ന, ഗുരുവിനെ പോലെ ആദരിക്കുന്ന മതഗ്രന്ഥം ആചാരപൂർവം തലയിലേന്തി നീങ്ങുന്ന അമൃത്പാൽ സിങ് എന്ന സിഖ് യുവാവ്. ഗുരു ഗ്രന്ഥ സാഹിബ് എന്ന മതഗ്രന്ഥം കണ്ടാൽ ചെരുപ്പുകൾ അഴിച്ച് വണങ്ങണമെന്നാണ്. എന്നാൽ ആയുധങ്ങളുമേന്തി അക്രമാസക്തമായ സാഹചര്യം നയിച്ച ശേഷം മതത്തിന്റെ സംരക്ഷണത്തെ ഇതിനൊപ്പം കൂട്ടിക്കെട്ടുകയാണ് അമൃത്പാൽ സിങ് ചെയ്തതെന്ന വിമർശനം വ്യാപകമാണ്. പക്ഷേ ഈ മുപ്പതുകാരന് പിന്തുണക്കാരുമുണ്ട്. ഇന്ത്യാവിഭജനവും അഭയാർഥി പ്രവാഹവും കണ്ട, ഏറെ ചോരപ്പുഴകൾ ഒഴുകിയ നാടാണ് പഞ്ചാബ്. 1980–കളോടെ ഉണ്ടായ സിഖ് വിഘടന വാദവും സുവർണ ക്ഷേത്രത്തിലെ ‘ഓപറേഷൻ ബ്ലൂസ്റ്റാറും’ പിന്നാലെ ഇന്ദിരാ ഗാന്ധിയുടെ വധവും സിഖ് വിരുദ്ധ കലാപവുമെല്ലാം ഇന്ത്യാ ചരിത്രത്തില്‍ ഏറെ ചോരപ്പാടുകൾ വീഴ്ത്തിയിട്ടുണ്ട്. ഖാലിസ്ഥാൻ വാദത്തിന് ഏറിയും കുറഞ്ഞും പഞ്ചാബിൽ എല്ലാക്കാലത്തും പിന്തുണക്കാരുണ്ടായിട്ടുമുണ്ട്. കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലുള്ള സിഖ് സമുദായങ്ങളിലും ചെറിയൊരു വിഭാഗം അനുകൂലികൾ ഉണ്ടായിട്ടുണ്ട്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം എന്ന നിലയിൽ ഏറെ നിർണായകവുമാണ് പഞ്ചാബിലെ സ്ഥിതിഗതികൾ. ഓരോ സമയത്തും ഉയർന്നുവന്ന വിഘടനവാദ പ്രശ്നങ്ങൾ മാറിവന്ന സർക്കാരുകൾ വിദഗ്ധമായി കൈകാര്യം ചെയ്യുകയും പഞ്ചാബികളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിരുന്നു. നിലവിൽ പഞ്ചാബ് വീണ്ടും പുകഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണു കാര്യങ്ങൾ വ്യക്തമാക്കുന്നത്. എന്താണ് പഞ്ചാബിൽ യഥാർഥത്തിൽ സംഭവിക്കുന്നത്? വിഘടനവാദിയായിരുന്ന ഭിന്ദ്രൻവാലയുടെ പിന്തുടർച്ചക്കാരനെന്നു വിശേഷിപ്പിക്കപ്പെട്ട അമൃത്‌പാൽ സിങ്ങിന് ഇതിലെന്താണ് റോൾ? ദീപ് സിദ്ദുവെന്ന പഞ്ചാബി നേതാവിന്റെ മരണവുമായി അമൃത്‌പാലിന് എന്താണു ബന്ധം? സംസ്ഥാനത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമായി പുതിയ സംഭവവികാസങ്ങൾ മാറുമ്പോൾ ആരാണ് അതിനു പിന്നിൽ? വിശദമായ ഒരന്വേഷണം...