ADVERTISEMENT

കോഴിക്കോട് ∙ ആധുനിക കൃഷിരീതികൾ പഠിക്കാൻ ഇസ്രയേലിലേക്കു പോയ സംഘത്തിൽനിന്ന് മാറിനിൽക്കേണ്ടി വന്ന സാഹചര്യം വിവരിച്ചും, അതിന്റെ പേരിലുണ്ടായ പ്രശ്നങ്ങളിൽ എല്ലാവരോടും ക്ഷമ ചോദിച്ചും ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യൻ. ഇന്നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ബിജു കുര്യൻ, കാത്തുനിന്ന മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചത്. ഇസ്രയേലിൽ തന്നെ അന്വേഷിച്ച് ഏജൻസികളൊന്നും വന്നില്ലെന്നു പറഞ്ഞ ബിജു കുര്യൻ, താൻ സ്വമേധയാ തിരിച്ചെത്തിയതാണെന്നും വ്യക്തമാക്കി. മേയ് എട്ടു വരെ കാലാവധിയുള്ള വീസ കൈവശമുണ്ടായിരുന്നതിനാൽ, എതുവഴി നടന്നാലും ആരും ചോദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജു കുര്യന്റെ വാക്കുകളിലൂടെ:

കൃഷിപഠനവുമായി ബന്ധപ്പെട്ടാണ് ഇസ്രയേലിലേക്കു പോയത്. ഇവിടെനിന്ന് ഏതാണ്ട് 27 പേരാണ് പോയത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ ഫീൽഡ് സന്ദർശനവും മറ്റുമായിരുന്നു. അവിടുത്തെ കൃഷിരീതികളെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ നമുക്കു പഠിക്കാനും മനസ്സിലാക്കാനുമുള്ളതാണ്. കേരളം പോലുള്ള സംസ്ഥാനത്ത് നടപ്പിലാക്കാൻ സാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ അവിടെയുണ്ട്. ഉദാഹരണത്തിന് ഇവിടെ അഞ്ച് ഏക്കർ ഓറഞ്ച് തോട്ടത്തിൽനിന്നു ലഭിക്കുന്ന ആദായം അവിടെ ഒരു ഏക്കറിൽ താഴെ സ്ഥലത്തുനിന്ന് അവർക്കു ലഭിക്കുന്നുണ്ട്. അത്രയ്ക്ക് ശാസ്ത്രീയമാണ് അവിടുത്തെ രീതികൾ.

സന്ദർശനത്തിനു ശേഷം ഞായറാഴ്ചയായിരുന്നു ഇവിടേക്കു മടങ്ങേണ്ടിയിരുന്ന ദിവസം. അതായത് 19–ാം തീയതി. ഇസ്രയേലിൽ എത്തിയ നിലയ്ക്ക് മടങ്ങുന്നതിനു മുൻപ് പുണ്യസ്ഥലങ്ങൾ കൂടി സന്ദർശിക്കാമെന്നത് ഞാൻ തീരുമാനിച്ച കാര്യമാണ്. അതുകൊണ്ട് ഞാൻ ജറുസലം ദേവാലയം സന്ദർശിക്കാനായി പോയി. അതിന്റെ തൊട്ടു പിറ്റേ ദിവസം ബത്‍‌ലഹെമിലേക്കും പോയി. ശനിയാഴ്ച തിരിച്ചുവരേണ്ട സമയമായപ്പോഴേക്കും ആകെ പ്രശ്നമായതായി അറിഞ്ഞു. തീർത്തും മോശമായ രീതിയിൽ പലതും പ്രചരിച്ചതിനാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ വന്നു.

Read Also: സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം; ആത്മഹത്യയ്ക്കു ശ്രമിച്ച പിജി വിദ്യാർഥിനി മരിച്ചു 

എല്ലാം കേട്ട് ആകെ വിഷമമായതുകൊണ്ട് മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനായില്ല. അതുകൊണ്ട് അന്നും അവിടെത്തന്നെ തുടർന്നു. പിന്നീട് മറ്റൊരാളുടെ സഹായത്തോടെ ഭാര്യയെ വിളിച്ച് ഞാൻ സുരക്ഷിതനായി ഇവിടെയുണ്ടെന്നും വീട്ടിലേക്ക് തിരിച്ചെത്തിക്കോളാമെന്നും പറഞ്ഞു. അതിനുശേഷം എന്റെ സഹോദരനുമായി ബന്ധപ്പെട്ടു. ഭയപ്പെടേണ്ട ‌കാര്യമൊന്നുമില്ലെന്നും എന്തു സഹായവും ചെയ്തു തരാമെന്നും സഹോദരൻ പറഞ്ഞു. മറ്റാരുടെയോ സഹായത്തോടുകൂടി സഹോദരനാണ് ഇവിടേക്കു മടങ്ങാനുള്ള ടിക്കറ്റ് എടുത്തുതന്നത്. അങ്ങനെയാണ് ഞാൻ ഇപ്പോൾ തിരിച്ചെത്തിയത്.

Read Also: ലൈഫ് മിഷൻ: സി.എം.രവീന്ദ്രൻ ചോദ്യംചെയ്യലിന് ഹാജരാകില്ല; നിയമസഭയിലെ ഓഫിസിലെത്തി

സംഘത്തിൽനിന്നു മാറിയ ശേഷം എനിക്ക് അവർക്കൊപ്പം വീണ്ടും ചേരാനാകാതെ പോയതാണ് പ്രശ്നമായത്. അതിൽ വീട്ടുകാരോടും എനിക്കൊപ്പം ഉണ്ടായിരുന്ന 26 പേരോടും പ്രത്യേകിച്ചും പ്രിൻസിപ്പൽ സെക്രട്ടറി അശോക് സാറിനോടും കൃഷി വകുപ്പിനോടും കൃഷിവകുപ്പ് മന്ത്രിയോടും സംസ്ഥാന സർക്കാരിനോടും ഞാൻ നിർവ്യാജം മാപ്പു ചോദിക്കുന്നു. സംഘം വിട്ടശേഷം മറ്റുള്ളവരെ ബന്ധപ്പെടാൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല. കാരണം വൈഫൈ ലഭിച്ചിരുന്നത് താമസിച്ചിരുന്ന ഹോട്ടലിലും യാത്ര ചെയ്തിരുന്ന ബസിലും മാത്രമാണ്. അല്ലാതെ ബന്ധപ്പെടാൻ ഐഎസ്ഡി സൗകര്യം വേണം. അത് എന്റെ ഫോണിലുണ്ടായിരുന്നില്ല. മേയ് എട്ടു വരെ കാലാവധിയുള്ള വീസ എന്റെ കൈവശമുണ്ടായിരുന്നു. അതുകൊണ്ട് അന്നുവരെ അതിലെ നടന്നാലും ആരും ചോദിക്കുമായിരുന്നില്ല. ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ചു വന്നിട്ടില്ലെന്നും ബിജു പറഞ്ഞു.

English Summary: Absconding farmer Biju Kurian's explanation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com