ജാമ്യവ്യവസ്ഥ ലംഘിച്ച് റായ്പൂരില്‍ പോയെന്ന് ആക്ഷേപം; നിയമോപദേശം ലഭിച്ചെന്ന് എല്‍ദോസ്
Mail This Article
കൊച്ചി∙ പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ആക്ഷേപം. കേസ് അന്വേഷണം നടക്കുന്ന കാലയളവിൽ കോടതിയുടെ അനുമതിയോടെ മാത്രമേ കേരളം വിട്ട് പുറത്ത് പോകാവൂ എന്ന വ്യവസ്ഥ എംഎൽഎ ലംഘിച്ചു. എന്നാൽ റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎ പോയിരുന്നു. ഈ യാത്രയ്ക്ക് കോടതിയിൽ മുൻകൂർ അപേക്ഷ നൽകിയിരുന്നില്ല. ജാമ്യവ്യവസ്ഥ ലംഘിച്ച എൽദോസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും.
അതേസമയം, ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ല എന്നാണ് എൽദോസ് കുന്നപ്പിള്ളിയുടെ വാദം. കേസിനെ തുടർന്ന് പാർട്ടി ഏർപ്പെടുത്തിയ സസ്പെൻഷൻ കഴിഞ്ഞ 21 നാണ് പിൻവലിച്ചത്. 22 ന് റായ്പൂരിലേക്ക് പോകാൻ നിർദേശം കിട്ടി. മടങ്ങിവന്ന ശേഷം സത്യവാങ്മൂലം സമർപ്പിച്ചാൽ മതിയെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോയതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 20 നാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു ജാമ്യം. എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.
സെപ്റ്റംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
English Summary: Allegation against Eldhose Kunnappilly on bail breaching