ട്രെയിനിൽ പഴ്സ് മറന്നുവച്ച് അമേരിക്കൻ യുവതി; ഇൻസ്റ്റാഗ്രാം വഴി കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവാവ്
Mail This Article
അഹമ്മദാബാദ്∙ സമൂഹമാധ്യമങ്ങളിൽ താരമായി ട്രെയിനിൽ മറന്നുവച്ച പഴ്സ് അമേരിക്കൻ യുവതിയെ തിരിച്ചേൽപ്പിച്ച യുവാവ്. ഇൻസ്റ്റഗ്രാമിൽ യുവതിക്ക് സന്ദേശമയച്ചാണ് യുവാവ് പഴ്സ് ലഭിച്ച കാര്യവും തിരിച്ചു നൽകാൻ തന്നെ സമീപിക്കണമെന്നും അറിയിച്ചത്. യുവതി തന്നെയാണ് നടന്ന സംഭവം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
യുഎസിൽനിന്ന് ഇന്ത്യയിലെത്തിയ യുവതി ട്രെയിൻ യാത്രയ്ക്കിടെ തന്റെ പഴ്സ് മറന്നുവയ്ക്കുകയായിരുന്നു. വൈകാതെ തന്നെ യുവതിക്ക് ചിരാഗ് എന്നയാളിൽനിന്ന് ഇൻസ്റ്റഗ്രാമിൽ ഒരു സന്ദേശം ലഭിച്ചു. പഴ്സ് ട്രെയിനിൽനിന്നു ലഭിച്ചെന്നും ഉടൻ തിരികെ നൽകാമെന്നുമായിരുന്നു സന്ദേശം. പിന്നാലെ ഗുജറാത്തിലെ ഭുജിലുള്ള ചിരാഗിന്റെ ഹോട്ടലിലെത്തിയ യുവതിക്ക് യുവാവ് പഴ്സ് തിരികെ നൽകുകയായിരുന്നു.
പാരിതോഷികമായി പഴ്സിൽനിന്നു കുറച്ച് പണമെടുത്ത് ചിരാഗിന് നേരെ നീട്ടിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ ചിരാഗിന് നന്ദി പറയുകയും ചെയ്യുന്നുണ്ട്. പിന്നാലെ ചിരാഗിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്കു താഴെ നിറയുന്നത്. ചിരാഗിനെപ്പോലുള്ളവരാണ് ഇന്ത്യൻ ടൂറിസത്തിന്റെ യഥാർഥ അംബാസഡർമാർ എന്നാണ് ചിലരുടെ അഭിപ്രായം.
English Summary: Man Returns US Woman's Lost Wallet