ജപ്പാൻ വിദേശകാര്യ മന്ത്രി ജി20 ഉച്ചകോടിക്ക് എത്തിയേക്കില്ല; ഇന്ത്യയോടുള്ള അനാദരവെന്ന് വിമർശനം
Mail This Article
ന്യൂഡൽഹി ∙ ബുധനാഴ്ച ഇന്ത്യയിൽ ആരംഭിക്കുന്ന ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി പങ്കെടുത്തേക്കില്ലെന്നു റിപ്പോർട്ട്. പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹം ഈ യോഗത്തിന് എത്തില്ലെന്നും, പകരം സഹമന്ത്രിയെ അയക്കാനാണ് സാധ്യതയെന്നുമാണ് ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച ആരംഭിക്കുന്ന ക്വാഡ് രാജ്യങ്ങളുടെ യോഗത്തിലും ജപ്പാൻ വിദേശകാര്യമന്ത്രി പങ്കെടുക്കുമോ എന്നു വ്യക്തമല്ല. ഇന്ത്യയ്‌ക്കൊപ്പം യുഎസും ഓസ്‌ട്രേലിയയും അടങ്ങുന്നതാണ് ക്വാഡ് കൂട്ടായ്മ.
അതേസമയം, ആഭ്യന്തര വിഷയങ്ങളുടെ പേരിൽ വിദേശകാര്യമന്ത്രി യോഗത്തിനെത്തിയില്ലെങ്കിൽ ജി20 ആതിഥേയരായ ഇന്ത്യയെ അവഹേളിക്കുന്നതിനു തുല്യമാണെന്നു വിമർശനം ഉയരുന്നുണ്ട്. ചൈനയുടെ നടപടികൾ സംബന്ധിച്ചും റഷ്യ–യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും വർധിച്ചുവരുന്ന ആശങ്കകൾക്കിടെ നരേന്ദ്ര മോദി സർക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ജപ്പാന്റെ ഈ നീക്കം. മേയ് മാസത്തിൽ ജി–7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കുന്നതിനിടെ, ജപ്പാന്റെ ഇപ്പോഴത്തെ നടപടി ശരിയല്ലെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.
മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സെപ്റ്റംബറിൽ ടോക്കിയോയിലേക്കു പോയ നരേന്ദ്ര മോദി, നിലവിലെ പ്രധാനമന്ത്രി ഫുമിയോ കിഷിഡുമായി ചർച്ച നടത്തിയിരുന്നു. ചൈന ഉൾപ്പെടെ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ നേരിടാൻ സഖ്യകക്ഷിയായ യുഎസിനെ കൂടാതെ ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന് കിഷിഡ സർക്കാർ മുൻഗണന നൽകുന്നുണ്ട്. ക്വാഡ് സഹകരണം അതിനുള്ള പ്രധാനവേദിയാണ്.
യുക്രെയ്ൻ, ആണവ നിരായുധീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഓസ്‌ട്രേലിയയെയും ഇന്ത്യയെയും മേയ് മാസത്തിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിക്കാനുള്ള ക്രമീകരണങ്ങൾ കിഷിഡ സർക്കാർ നടത്തുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇന്ത്യയിൽവച്ചു നടക്കുന്ന ജി20 ഉച്ചകോടിയിൽ ജപ്പാൻ മന്ത്രി എത്തിയില്ലെങ്കിൽ ജപ്പാനിലേക്ക് പോകുന്ന കാര്യങ്ങളിൽ ഉൾപ്പെടെ പുനർവിചിന്തനം വേണ്ടിവരും.
ജി20യിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ജപ്പാന്റെ വിദേശ നയത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജപ്പാൻ ജി7നെ മാത്രമേ വിലമതിക്കുന്നുള്ളൂ എന്ന ധാരണ നൽകുമെന്നും ജപ്പാനിലെ നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ജപ്പാന്റെ പാർലമെന്റ് ചൊവ്വാഴ്ചയാണ് ബജറ്റ് പാസാക്കി ചർച്ചയ്ക്കായി ഉപരിസഭയ്ക്കു കൈമാറുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന ബജറ്റ് ചർച്ചയിൽ എല്ലാ കാബിനറ്റ് അംഗങ്ങളും സാധാരണയായി പങ്കെടുക്കാറുണ്ട്.
English Summary: Japan's Top Diplomat Set To Skip G-20 Meeting, Snubbing India: Report