ADVERTISEMENT

കാളികാവ് (മലപ്പുറം) ∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകൻ. സ്വപ്നങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മ. അതിൽ ഇരുപത്തിരണ്ടുകാരനായ കാമുകന്റെ പ്രായമുള്ള മകനുമുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം.

കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് ഇരുവരും നേരിട്ടു കാണുന്നത്. കാമുകിയെ നേരിട്ടു കണ്ടതോടെ മനസ്സ് തകർന്ന യുവാവും കുടുംബവും അവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്.

രക്ഷയില്ലാതെ കാമുകൻ അലമുറയിട്ടു പൊട്ടിക്കരഞ്ഞു. കാമുകൻ ചെറു പ്രായക്കാരനാണെന്ന് മനസ്സിലാക്കിയിട്ടും വീട്ടമ്മ പിന്തിരിയാൻ കൂട്ടാക്കാതിരുന്നതോടെ വീട്ടുകാരും പെട്ടു. രംഗം വഷളാകാതിരിക്കാൻ കാമുകന്റെ വീട്ടുകാർ പൊലീസിന്റെ സഹായം തേടി. ഇതേ സമയത്തു തന്നെ, വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കൾ കോഴിക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ വീട്ടമ്മയെക്കുറിച്ചു വിവരം ലഭിച്ച ബന്ധുക്കൾ കാളികാവിലെത്തി. കാമുകൻ നിർബന്ധിച്ച് വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടു വന്നതാണെന്ന ധാരണയിലായിരുന്നു അവരുടെ വരവ്. അതുകൊണ്ടുതന്നെ കാമുകനെ ‘ശരിക്കൊന്നു പെരുമാറുക’ കൂടിയായിരുന്നു ലക്ഷ്യം. പൊലീസിന്റെ കണ്ണുവെട്ടിച്ച് യുവാവിനെ മർദിക്കാനുള്ള കാമുകിയുടെ വീട്ടുകാരുടെ പദ്ധതി മനസ്സിലാക്കിയ ബന്ധുക്കൾ, യുവാവിനെ രക്ഷിക്കാനുള്ള മാർഗവും ആസൂത്രണം ചെയ്തു.

പൊലീസ് സ്‌റ്റേഷനിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇറങ്ങിയ യുവാവിനെ ബന്ധുക്കൾ രഹസ്യ വഴിയിലൂടെ കുടുംബ വീട്ടിലേക്കു മാറ്റുകയായിരുന്നു. ‘പ്രണയ ദുരന്ത’ത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവാവ് ഇപ്പോഴും ഞെട്ടലിൽനിന്ന് പൂർണമായും മുക്തനായിട്ടില്ല.

Content Highlights: Instagram Love Story, Malappuram News, Kozhikode News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com