ADVERTISEMENT

കണ്ണൂർ∙ വൈദേകം റിസോര്‍ട്ടിലേത് സാധാരണ പരിശോധനയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനി ടിഡിഎസ് അടിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ടിഡിഎസ് അടയ്ക്കേണ്ടി വന്നില്ല. അതാണ് പരിശോധിക്കുന്നതെന്ന് ഇപി പറഞ്ഞു. വൈദേകം റിസോര്‍ട്ടിലെ ആദായനികുതി പരിശോധന സ്വാഭാവിക നടപടിയെന്ന് റിസോർട്ട് സിഇഒ തോമസ് ജോസഫും പറഞ്ഞു. റിസോര്‍ട്ട് ടിഡിഎസ് കൃത്യമായി ഫയല്‍ ചെയ്തിട്ടുണ്ട്. റിസോര്‍ട്ടിലെ എല്ലാ നിക്ഷേപവും ബാങ്ക് അക്കൗണ്ടുവഴിയാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ റിസോര്‍ട്ടില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്. കൊച്ചിയിൽനിന്ന് എത്തിയ ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്. വൈദേകം റിസോർട്ടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇഡിയും അന്വേഷണം തുടങ്ങി. 

പി.ജയരാജൻ സിപിഎം സംസ്ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ആയുർവേദ റിസോർട്ട് വിവാദമായത്. ഇതിൽ അതൃപ്തനായ ഇപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ തുടർന്നും പങ്കെടുക്കില്ലെന്നാണു വിവരം. റിസോർട്ടിലെ പരിശോധന ഇ.പി.ജയരാജനും സിപിഎമ്മിനും തലവേദനയായേക്കും.

ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ മൊറാഴയില്‍ നിര്‍മിച്ച വിവാദ റിസോര്‍ട്ടായ വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ നടക്കാതെയാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ആക്ഷേപം ഉന്നയിച്ചിരുന്നു.

English Summary: EP Jayarajan and Resort CEO response on income tax raid at Kannur Vaidekam resort

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com